Wednesday

വിദ്യയുടെ പൂക്കാലമോ... പിടിച്ചു പറിക്കാരുടെ ചാകരയോ?



  ഷ്ടപ്പെട്ടാണ് കോത്താഴം നാട്ടിൽ ആ മഹാൻ പള്ളിക്കൂടങ്ങളും കോളേജുകളുമൊക്കെ ആരംഭിച്ചത്. അപ്പൂപ്പന്മാരുടെ കാലം മുതൽ നിഷകാമ കർമം ആയി നൽകിയിരുന്ന വിദ്യയുടെ വിളമ്പൽ രീതിയിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. സൗകര്യമുള്ളവർ മാത്രം പാത്രം നീട്ടിയാൽ മതി.

   കഞ്ഞിപ്പുരയിൽ കല്ലടുപ്പിലെ വക്കു ചളുങ്ങിയ പാത്രത്തിൽ തിളച്ചു മറിയുന്ന ഉച്ചക്കഞ്ഞി സ്വപ്നം കാണുന്ന പിള്ളേർക്കെല്ലാം വംശനാശം വരുന്നു. അത്യാവശ്യം പത്തു പുത്തനും ചെലവു കൂടിയ പൊങ്ങച്ച വിദ്യാഭ്യാസവും നാട്ടിൽ പരക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. എന്നാൽ പിന്നെ കാറ്ററിഞ്ഞു തൂറ്റാം എന്ന ലളിത സമവാക്യത്തിൽ ഊന്നിയാണ് എല്ലാ തൊഴിലും മാറ്റി വച്ച് വിദ്യാഭ്യാസത്തെ ഉദ്ധരിക്കാൻ കഥാനായകൻ ഇറങ്ങിയത്.

   കാര്യങ്ങൾ പച്ച പിടിച്ചപ്പോൾ കണക്കു പറയാൻ ഒരു സെക്രട്ടറിയൊക്കെ ആകാമെന്നു വച്ചു. പക്ഷേ ഒരു നിബന്ധന. നമ്മുടെ ആളുകളെ വിട്ടൊരു കളി വേണ്ട. വല്ലതും ഉടുക്കാനും കഴിക്കാനും 'വഹ' യുള്ളവരോട് സമുദായ സ്നേഹമൊക്കെ മതി, അല്ലെങ്കിൽ പിന്നെ ചങ്ങാതിയുടെ കാര്യം 'കട്ടപ്പൊഹ'യാവുമെന്ന് ഈവന്റ് മാനേജ്മെന്റുകാർ ഉപദേശിച്ചു . അതിൽ ചില സംഗതികളൊക്കെ ഉണ്ടെന്ന് മഹാനും ശിങ്കിടികൾക്കും തോന്നിയതിനാൽ കാര്യങ്ങൾ നേരേചൊവ്വേ ആക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വെറും നിർദ്ദേശമല്ല... അല്പം കർശനം.

   കുറുക്കന്റെ ബുദ്ധിയും ഏതോ ഒരു ജീവിയുടെ തൊലിക്കട്ടിയുമുള്ള സെക്രട്ടറി ഓഫീസിൽ വന്നാലുടൻ ഗോഡ്ഫാദർ സിനിമയിൽ ആനയുടെ ചെവിയിൽ തിരുകിയ മാതിരി പഞ്ഞി ഇരു കർണങ്ങളിലേക്കും കുത്തിക്കയറ്റും. കാരണം നിസ്സാരം... ദരിദ്രവാസികൾ കനം കുറഞ്ഞ പൊതികളുമായി സങ്കടം പറയാനെത്തുമ്പോൾ അത് കേൾക്കാതിരിക്കാനുള്ള സൂത്രവിദ്യ തന്നെ.

  പുത്തൻ കൂറ്റുകാരായ എം.ബി.എ പിള്ളേർക്കു പോലും മഹാന്റെ 'മറ്റൊരു നമ്പർ' അറിയില്ല.. നഗരത്തിലെ ഒരു കൊച്ചു പാരലൽ കോളേജിന്റെ നടത്തിപ്പുകാരൻ ആണ് മഹാന്റെ ഫൈനൽ ഇടപാടുകൾ ഉറപ്പിക്കുന്ന ബിനാമി (വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ഇയാൾ പ്രിൻസിപ്പാൾ ആയില്ല). ലക്ഷങ്ങളുടെ പൊതി അവിടെ എത്തി എന്ന റിപ്പോർട്ട് മഹാന്റെ സെക്രട്ടറിയുടെ സമക്ഷത്തിൽ എത്തിയാലുടൻ അഡ്മിഷൻ ഓകെ. അവന്റെ സമുദായവും മണ്ണാങ്കട്ടയും എല്ലാം പണത്തിന്റെ മുന്നിൽ ശൂ...

   അങ്ങനെ കടം കൊണ്ടും കൊടുത്തും പട്ടിണി കിടന്ന് അധ്യാപകർക്ക് ശമ്പളം കൊടുത്തും ഒരു കോടിയുടെ കാറിൽ സഞ്ചരിക്കുന്നത് അത്ര പരിഷ്കാരം അല്ലെന്ന് ഈവന്റ് മാനേജ്മെന്റു കാരൻ പറഞ്ഞപ്പോൾ അതു ഷെഡ്ഡിലിട്ടു അല്പം കൂടി വിലമതിക്കുന്ന മറ്റൊന്നു വാങ്ങിയും ഈ മനുഷ്യൻ ആകെ ബുദ്ധിമുട്ടുകയാണ്. ഈ പാവത്തിനെ ആരെങ്കിലും സഹായിക്കാനുണ്ടോ?

   ഉള്ള വയലെല്ലാം വിലയ്ക്കു വാങ്ങി, മണ്ണിട്ടു മൂടി പണ്ടാറടങ്ങിയപ്പോഴാണ് ചില വിപ്ലവ സംഘടനകളുടെ യുവകോമള നേതാക്കൾ കൊടി കുത്തിയത്. പിന്നെ നോക്കി നിന്നില്ല... അവരുടെ വിഹിതം മാന്യമായി നൽകി പഴയ വയലെല്ലാം ഒടുക്കത്തെ വിലയ്ക്ക് മറിച്ചു വിറ്റു. ചിലവയിൽ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വമ്പൻ കെട്ടിടങ്ങൾ പണിതു കൂട്ടി.
വാർഷിക കണക്കുകൾ പരിശോധിച്ചപ്പോൾ പത്തഞ്ഞൂറു കോടിയുടെ ആസ്തിയേ ഉള്ളത്രെ. അതു പറ്റില്ല... ലോകത്തിലെ ആദ്യത്തെ പത്തു സമ്പന്നരുടെ പട്ടികയിൽ കടന്നു കയറിയില്ലെങ്കിൽ അപ്പൂപ്പൻ കുഴിയിൽ കിടന്ന് തെറി വിളിക്കുമത്രെ!

   മരുഭൂമിയിൽ നട്ടെല്ല് ഒടിച്ച് കയ്യിലെടുത്ത് പണിയെടുക്കുന്ന പ്രവാസിയിലാണ് ഇദ്ദേഹത്തിന്റെ സർവ പ്രതീക്ഷയും. ഒരു ജീവിതകാലം മുഴുവനും ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെട്ട് അകാല വാർദ്ധക്യവും രോഗങ്ങളുടെ ഭാണ്ഡവുമായി വരുന്ന എന്റെ പ്രവാസീ... നിങ്ങളുടെ നാണയത്തുട്ടുകളിൽ സാമ്രാജ്യം പണിതുയർത്തുന്ന ഇത്തരം മുതലാളിമാർ ധാരാളമുണ്ട്. തെങ്ങിൻ ചുവടെടുത്തും വട്ടിപ്പലിശയ്ക്ക് പണം നൽകിയും കാലം കഴിച്ചിരുന്ന ഇവർ തടിച്ചു കൊഴുക്കട്ടെ...അതിനു വേണ്ടി നമുക്ക് ഉരുകിത്തീരുന്ന മെഴുകുതിരികളാകാം.

  എന്റെ മക്കൾ പഠിക്കാൻ ഞാൻ കരിന്തിരിയോ കരിക്കട്ടയോ ആകുന്നതിൽ ആർക്കാണ് ചേതമെന്ന് ഫേസ് ബുക്കിലൊ മറ്റോ ഒരു പോസ്റ്റിട്ട് ആനന്ദിക്കൂ... വേണമെങ്കിൽ തെറി പറഞ്ഞോളൂ... നാടോടുമ്പോൾ നടുവേ ഓടാൻ വണ്ടിക്കൂലി വേണമത്രെ.... ഒരു പാട് ഗാന്ധിത്തലകൾ അതിൽ ഉണ്ടായിരിക്കണം പോലും...!

വാല്: വായനക്കാർക്ക് തോന്നും ; ലിത് ലവനയല്ലേ ലുദ്ദേശിച്ചത്. പക്ഷേ ലവന്മാർ ധാരാളം ഉള്ളതിനാൽ ലിത് ലെല്ലാവരെയും ചേർത്താണ് പറയുന്നത്. ആരും ഒറ്റയ്ക്ക് ചൊറിയണ്ട. കൂട്ടമായിരുന്ന് ആത്മ വിമർശനം നടത്തുവാൻ ലെല്ലാ മഹാന്മാരോടും ആജ്ഞാപിക്കുന്നു.

  4 comments:

  1. അല്ലാതെ പിന്നെ ഓലപ്പുരയിൽ ട്യൂഷൻ സെന്ററും കെട്ടി വല്ല പാവങ്ങളുടെയും പിള്ളേരെ പഠിപ്പിച്ച് കടബാദ്ധ്യതകളുംകയറ്റി കിടക്കാടവും പെണ്ണും പിടക്കോഴിയുമില്ലാതെ കഴിയണമെന്നാണോ? വിഡ്ഡികൾ! “എനിക്കും ആ “ലവൻ” മാർ ആകണം എന്നു തോന്നിയാൽ കുറ്റം പറയാനാകുമോ?“ ഈ വിഷയത്തിൽ പ്രതികരിക്കുവാൻ ഇന്ന് നമ്മോടൊപ്പം..........

    ReplyDelete
  2. കൊള്ളാം മൂർച്ചയേറെ ഉള്ള വാളാണെങ്കിലും ഇരുതലയ്ക്കലും ഉണ്ടെന്നതിനാൽ മോശം പറയാനാവില്ല !!!

    ReplyDelete
  3. ലതിലും ശരി മറ്റതിലും ശരി എന്ന് തോന്നുമാറുക്തി !

    ReplyDelete
  4. വാക്കുകള്‍ വളരെ ചിന്തിപ്പിക്കുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive