Monday

????............

 കഴിഞ്ഞദിവസം കോഴിക്കോട്ടുനടന്ന ഇ-മഷി ഓൺലൈൻ മാഗസിന്റെ വാർഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങി‌ൽ ഒപ്പംനടന്ന ബ്ലോഗർ ജിലു ആഞ്ചലയുടെ കവിതാസമാഹാരമായ "ചില കാത്തിരിപ്പുകളു"ടെ പ്രകാശനച്ചടങ്ങാണ്. സുധാകരൻ സാറ് എന്താണ് മനസ്സിൽ പറയുന്നതെന്നാ ഇപ്പൊ എന്റെ കൺഫ്യൂഷൻ....

Friday

തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാർ...


 രാജ്യത്താകമാനം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളിലുൾപ്പെടുത്തി ജയിലിലടക്കുന്ന പ്രവണത വർഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുഭാഗത്ത് നിരപരാധികളെന്നുകണ്ട് അവർ ഒരു പുനർജ്ജീവനത്തിനുള്ള ശക്തിപോലും നഷ്ടപ്പെട്ട് മോചിപ്പിക്കപ്പെടുമ്പോഴും ഒരു വലിയ വിഭാഗം ഇപ്പോഴും തങ്ങൾ ചെയ്ത തെറ്റുകളെന്തെന്നു മനസ്സിലാക്കാനാവാതെ കാരാഗൃഹത്തിൽ തന്നെയാണ്. പുതിയ വിരുന്നുകാർ എത്തിക്കൊണ്ടുമിരിക്കുന്നു. ഇതിനെയാണ് ഭരണകൂട ഭീകരതയെന്നു വിളിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്മാരുടേയും ജീവനും സ്വത്തിനും സമാധാന പൂർവ്വമുള്ള ജീവിതത്തിനും സംരക്ഷരകരാകേണ്ട നിയമ സംവിധാനം ഒരു വിഭാഗക്കാരെ മാത്രം തെരഞ്ഞുപിടിച്ച് വംശീയ ഉന്മൂലനം നടത്തുന്നതിനു നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചു വായിച്ചാൽ അത്യന്തം അപമാനം തന്നെയാണ്.

 ഒരു ഭാഗത്ത് ആരോപണ വിധേയർ പെരുകിവരുമ്പോൾ, അല്ലെങ്കിൽ അവരെ സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് അവയെ കർമ്മപഥമായി തെരഞ്ഞെടുത്തു പ്രവർത്തിക്കുന്ന വലിയൊരു ജനവിഭാഗത്തെ ഈ നിയമ സംവിധാനം കാണുന്നില്ല. മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തി എടുത്തു കാണിച്ചിരുന്ന മക്കാമസ്ജിദ്, മലേഗാവ് ഉൾപ്പടെയുള്ള സ്ഫോടനങ്ങൾ ആരുടെ സൃഷ്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാണാത്ത മട്ടിലാണ് ഇന്ത്യയിൽ പ്രത്യേകിച്ച് ഇപ്പോൾ കേരളത്തിലും നിയമ സംവിധാനങ്ങളുടെ പോക്ക്.

 ആർ എസ് എസ്സിലും സംഘ്പരിവാറിലും ബി ജെ പിയിലുമൊക്കെ ഏതെങ്കിലുമൊക്കെ പ്രതിസന്ധി വന്നുപെട്ടാൽ ഇന്നുവരെയുള്ള രീതിവച്ച് അപ്പോൾ ഒരു വർഗ്ഗീയകലാപം ഉറപ്പാണ്. അതുതന്നെയാണ് ഇപ്പോൾ മുസഫർ നഗറിലും സംഭവിച്ചത്. അനേകരുടെ ജീവിതങ്ങളെ ചുട്ടെരിച്ച ഉന്മൂലന കലാപമായിട്ടും അവ മൂടിവെക്കാൻ നമ്മുടെ മാധ്യമങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഒരു തീവ്രവാദപ്രവർത്തനപ്പട്ടികയിലും ഇടംപിടിക്കാതെ ഇപ്പോൾ അതു മറക്കുകയും ചെയ്തു. പ്രതിപ്പട്ടികയിൽ ഏതെങ്കിലും ഒരു മുസ്ലിം നാമധാരി ഉൾപ്പെട്ടിരുന്നെങ്കിൽ കഥ ഒരുപക്ഷേ മറ്റൊന്നായേനെ.

 ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങളുടെ മൊത്തക്കച്ചവടക്കാർ എന്ന പദവി മുസ്ലിങ്ങളുടേ മേൽ ചാർത്തിക്കൊടുത്ത്തിനു സ്ഥാനചലനം സംഭവിക്കാതെ കാത്തുസംരക്ഷിക്കുന്ന ഭീകരവാഴ്ചയുടെ യഥാർത്ഥലക്ഷ്യം ഇപ്പോഴും മറഞ്ഞു നിൽക്കുകയാണെന്നാണു തോന്നുന്നത്. ഒരുഭാഗത്ത് കലാപങ്ങളും മറുഭാഗത്ത് സ്ഫോടനങ്ങളും സൃഷ്ടിച്ച് ആ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ അവയ്ക്കുള്ള പ്രതികളെ ഇപ്പോൾ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടിൽനിന്നാകുന്നത് ഒന്നു ശ്രദ്ധിക്കേണ്ടതാണ്. മലയാളികളായ മുസ്ലിം ചെറുപ്പക്കാർക്ക് ഏതുസമയത്തും തീവ്രവാദിപ്പട്ടം കിട്ടാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.

 കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നാകെ തീവ്രവാദികളാക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഒരു ഭാഗമാണ് മുസ്ലിം പുസ്തക പ്രസാധകരുടെ പുസ്തക ശാലകളിലെ പരിശോധനകളും പുസ്തകങ്ങൾ പിടിച്ചെടുക്കലും അറസ്റ്റും. പുസ്തക പ്രസാധനത്തിലുപരി വർഗ്ഗീയത വളർത്താനാണ് ഈ സ്ഥാപനങ്ങൾ എന്നതാണ് പുതിയ കണ്ടുപിടുത്തം. കാക്കിയും വർഗ്ഗീയ കലാപങ്ങളും, ജിഹാദും ദഅ്‌വത്തും തുടങ്ങിയ യാതൊരു നിരോധനവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലാത്ത കൃതികൾ പിടിച്ചെടുക്കുകയും പ്രസാധകരെ അറസ്റ്റു ചെയ്യുകയും ചെയ്തതുവഴി മലയാളികളുടെ സാധാരണജീവിതത്തിനും ഏതാണ്ട് അവസാനമായി എന്നതു തെളിഞ്ഞുവരികയാണ്.

 മദനിക്കെതിരേ അവസാനമായി എടുത്ത വധശ്രമ-ഭീഷണിക്കേസ് മറ്റൊരുദാഹരണമാണ്. 1998ൽ നടന്നുവെന്ന് ആരോപിക്കപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായിരുന്നെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ തന്നെ സമ്മതിക്കുമ്പോഴും എന്തെങ്കിലുമൊക്കെ സമ്മാനം ചിലർക്കെങ്കിലും ഇടക്കിടക്ക് നൽകാതെ മനസ്സമാധാനവും ഉറക്കവും വരില്ലെന്നായിരിക്കുന്നു നമ്മുടെ നീതി സംരക്ഷക വൃന്ദത്തിന്!

 കേരളത്തിലെ നിയമസംവിധാനവും ദേശദ്രോഹത്തിനും വർഗ്ഗീയതക്കും ഭീകരതയ്ക്കും വളമാകാൻ തുടങ്ങിയതിൽ സങ്കടപ്പെടാതിരിക്കാൻ കഴിയുന്നില്ല. ഏതൊക്കെ മത വിഭാഗക്കാർ ഇവിടെ നിലനിൽക്കണമെന്നു തീരുമാനിച്ച് മറ്റുള്ളവരെ ഒറ്റദിവസം കൊണ്ട് കൊന്നുകളഞ്ഞാൽ ശേഷിക്കുന്നവർക്ക് സമാധാനപരമായി ജീവിക്കാമായിരുന്നു. പീഢിതവർഗ്ഗത്തിന് ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ലായിരുന്നു.

 ശശികലടീച്ചറും മോഡിയും സംഘപരിവാറും ആർ എസ് എസുമെല്ലാം ഈ നാട്ടിൽ നന്മയുടെ വിത്തുകൾ പാകുന്നവരാണ്. ഇന്ത്യയിലെ ഇന്നുള്ള രാഷ്ട്രീയസേവകരെല്ലാം അതിനു വെള്ളം കോരുന്നവരുമാണ്. ബ്രിട്ടീഷ് രാജാവിന്റെ മൂക്കിനുനേരേ വിരൽ ചൂണ്ടി ഇന്ത്യയ്ക്കു സ്വാതന്ത്യം വേണമെന്നു ഗർജ്ജിച്ച മൗലാനാ മുഹമ്മദലി ജൗഹറിന്റെ പിന്മുറക്കാർ അതിന്റെ ഫലം അനുഭവിക്കുകയും വേണം. അങ്ങനെ ഇനി കേരളത്തിലും ശാന്തി പുലരട്ടെ…
ജെയ് ഹിന്ദ്…

Saturday

വിവാഹപ്രായം കീറാമുട്ടിയാണോ...?


 പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കണോ പതിനാറാക്കണൊ അതല്ല മറ്റെന്തെങ്കിലുമൊക്കെ ആക്കണോയെന്ന് തീരുമാനിക്കാനെന്നമട്ടിൽ വിവാദങ്ങൾ പടച്ച് മറഞ്ഞെങ്കിലും തെളിഞ്ഞുനിൽക്കുന്ന തങ്ങളുടെ മനോധാരയെ സമ്പുഷ്ടീകരിക്കുന്ന നിർഭാഗ്യ വാദഗതികൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. വാർത്താക്കച്ചവടങ്ങൾക്ക് പുതിയ ഇരയെത്തിയെങ്കിലും പ്രസ്തുത വിചാരണകൾക്ക് ഒരു ചിന്ത കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു.

 പെൺകുട്ടികൾക്ക് വിവാഹപ്രായം നിജപ്പെടുത്തി നിയമം വരുന്നതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയുന്നില്ല. വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും പ്രപ്തിനേടുന്നതെന്നോ അന്ന് അവളും അവനും അതിനു തയ്യാറാകുന്നതായിരിക്കും ഉചിതം. ഇന്നത്തെ വാദവിവാദഗതികൾ അരക്ഷിതാവസ്ഥക്കു വഴിവെക്കാനല്ലാതെ മറ്റൊരു സംഭവവും സൃഷ്ടിക്കാൻ പോകുന്നില്ല. വിദ്യാഭ്യാസം പൂർത്തിയാക്കി വിവാഹം കഴിച്ചാൽ മതിയെന്നുവെച്ചാൽ അവർക്ക് വിവാഹം കഴിക്കാതെ ജീവിക്കേണ്ടിവരും. അല്ലെങ്കിൽ ഇന്ത്യാക്കാർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനും കാലയളവു നിശ്ചയിക്കേണ്ടി വരും.

 പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടാക്കണമെന്ന് ശക്തിയുക്തം വാദിക്കുന്ന വാഗ്ധോരണിയുടെ യോദ്ധാക്കൾ മിനിമം തങ്ങളുടെ മാതാപിതാക്കളുടെയെങ്കിലും വിവാഹവേളയിലെ പ്രായം അന്വേഷിക്കുന്നത് നന്നായിരിക്കും. പതിമൂന്നിലും പതിനാലിലും വിവാഹം കഴിഞ്ഞ തങ്ങളുടെ മാതാക്കൾക്കു പിറന്ന തങ്ങളോരോരുത്തരും മന്ദബുദ്ധികളും ചിന്താശേഷി നശിച്ചവരും അനാരോഗ്യത്തിന്റെ വന്മലകൾ ചുമക്കുന്നവരും സർവ്വോപരി ഒന്നിനും കഴിവില്ലാത്തവരുമാണെന്ന് സ്വയം സമ്മതിക്കേണ്ടി വരും. അതല്ല തങ്ങളെല്ലാം സദ്ഗുണ സമ്പന്നന്മാരാണെന്നും പൂർണ്ണ ആരോഗ്യമുള്ളവരാണെന്നും ഒരു സമൂഹത്തിന്റെ തന്നെ വക്താക്കളാകാൻ പ്രാപ്തിനേടിയവരും തങ്ങളുടെ സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനു നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുമാണെന്നും അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിൽത്തന്നെ ഇത്രയധികം ശ്രദ്ധലുക്കളാകുന്നതെന്നും സമ്മതിച്ചാൽ സർവ്വമേഖലയിലും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വിവാഹപ്രായം ഒരു പ്രശ്നമേയല്ലെന്നും സമ്മതിക്കേണ്ടിവരും.

 ജീവിതത്തിന്റെ പ്രാഥമിക പാഠം അക്ഷരാർത്ഥത്തിൽ സ്വായത്തമാക്കി സംരക്ഷിച്ചുപോന്ന പഴയ തലമുറക്ക് മതവും പ്രായവും ഒരു പ്രശ്നമല്ലായിരുന്നു. എല്ലാ വിഭാഗങ്ങളും അതിൽ ഒരുപോലെ പങ്കാളികളായിരുന്നു. ആധുനിക ചികിത്സാ സമ്പ്രദായങ്ങളോ വിവരവിതരണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. മികച്ച യാത്രാ മാർഗ്ഗങ്ങളോ സിസേറിയൻ കച്ചവടമോ ആശുപത്രിവാസമോ ഇല്ലായിരുന്നു. സർവ്വോപരി പ്രസവം ഒരസുഖമേ അല്ലായിരുന്നു. മണ്മറഞ്ഞുപോയ സംസ്കാര സമ്പന്നരായിരുന്ന നമ്മുടെ മുൻ തലമുറകൾക്ക് വിവാഹപ്രായമെന്നത് നമ്മുടെ വിവാദംപെറ്റ കീറാമുട്ടി അല്ലായിരുന്നുവെന്നു കാണാം. വളരെ വ്യക്തമായ കാരണങ്ങളും അതിനുണ്ടായിരുന്നു.

 നമ്മുടെ മുൻതലമുറക്കാർ നമുക്കു സമ്മാനിച്ച സംസ്കാരത്തിന്റെയും ജീവിതരീതിയുടേയും അംശമെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ കഴിയുന്നില്ലെങ്കിൽ, അച്ചടക്കവും സാമൂഹ്യബോധവുമുള്ള ആരോഗ്യമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ പ്രാപ്തിനേടിയ സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തെ മാനസികമായി ഷണ്ഡീകരിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു മറ്റെന്തൊക്കെയോ പോരായ്മകൾ കൂടി ഉണ്ടെന്നു മനസ്സിലാക്കണം. സർവ്വ മേഖലകളിലും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തുണ്ടാക്കാനാണു വിദ്യാഭ്യാസം, മറിച്ച് പേരിനൊപ്പം വാലുകൂട്ടി സമൂഹത്തെ കൊള്ളയടിക്കാനുള്ളതല്ല. മുൻകാലങ്ങളിൽ സാമൂഹിക വിദ്യാഭ്യാസത്തിനായിരുന്നു പ്രാധാന്യം. കൂട്ടുകുടുംബങ്ങളിൽ വളരെ ശ്രദ്ധയോടെ നടന്ന് അന്നത്തെ വിവാഹങ്ങൾക്ക് ആയുസ്സും ആരോഗ്യവുമുണ്ടായിരുന്നു. ആ ജീവിതത്തിലുണ്ടാകാവുന്ന അസ്വാരസ്യങ്ങൾക്ക് കൃത്യമായ പരിഹാരവും ലഭിച്ചിരുന്നു. അതിലുണ്ടായ പുതിയ തലമുറകൾക്ക് ഇന്നുള്ളതിലും നല്ല പരിചരണവും ലഭിച്ചിരുന്നു. അവർക്കുവേണ്ടി കൃത്യമായ പാത വെട്ടിത്തെളിച്ചുകൊടുക്കാൻ ആ പഴയ തലമുറക്കു കഴിഞ്ഞിരുന്നു. ഇന്നുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം അഭിമാനമാകുമ്പോൾ ആ വിദ്യാഭാസത്തിലൂടെ ഒപ്പം കരസ്ഥമാകുന്ന മാനസിക വിദ്യാഭ്യാസം അന്യമായിപ്പോകുന്നു. ഇതിനാണു മാറ്റം വരേണ്ടത്.

 ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട ജീവിത സാമ്പത്തിക സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി ജീവിക്കുന്നതിനൊപ്പം സമൂഹത്തെ പ്രതിബദ്ധതയോടെ നോക്കാനും സഹജീവികളെ സഹോദരങ്ങളായിക്കാണാനും പെരുമാറാനും ഉതകുന്ന മാനസിക നിലവാരം സമ്മാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരാനും സംസ്കാരസമ്പന്നരാകാനുമാണ് ഇവിടെ ശബ്ദമുയർത്തേണ്ടത്. അല്ലാതെ കിട്ടുന്നതെന്തും ഒരു സമുദായത്തെ തല്ലാനും മാനസികമായി പീഢിപ്പിക്കാനും ഉപയോഗിക്കാമെന്ന ഗൂഢലക്ഷ്യത്തോടെ സാമൂഹിക കപടപ്രതിബദ്ധത കാണിക്കാനല്ല.

Sunday

കുറ്റം ചെയ്തില്ലെങ്കിലും വധശിക്ഷ




പ്രായം 160 വയസ്സ്....
നിറുത്താതെയുള്ള ഓട്ടമായിരുന്നു. സങ്കടങ്ങളും അലമുറകളും ആർത്തനാദങ്ങളും ആഹ്ലാദവാർപ്പുകളും സന്തോഷാശ്രുക്കളും പ്രതീക്ഷയുടെ പൊൻകിരണങ്ങളും അങ്ങിയങ്ങിനെ ഏതെല്ലാം തരത്തിൽ മാനവ വീർപ്പുകളുയരുന്നതിനു സാക്ഷ്യം വഹിച്ചിരിക്കുന്നു...

കേവലം രണ്ടോ മൂന്നോ വാക്കുകളിൽ ഒരു ജീവനത്തിന്റെ വ്യാപ്തി കുറിച്ചിടുന്ന മഹാത്ഭുതം തന്നെയായിരുന്നല്ലോ അത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ആ ചെറുകുറിപ്പുകളുടെ അർത്ഥവ്യാപ്തിയെ നാം വേണ്ടുവോളം തൊട്ടറിഞ്ഞിരുന്നുവല്ലോ... അതിനു ശേഷമാവണം ആ ലഘുവാക്യങ്ങളെ ഭീതിയോടെ കാണുന്നതിനു നാം മുൻഗണനകൊടുത്തത്.

കറക്കിവിളിയും കുത്തിവിളിയും തോണ്ടി വിളിയും കഴിഞ്ഞ് ഇപ്പോൾ മാടിവിളിയുടെ കാലത്ത് ആത്മഹത്യക്കു പോലും ശേഷിയില്ലാതെ നിൽക്കുന്ന കമ്പിയില്ലാക്കമ്പിയെ കശാപ്പു ചെയ്തുകളയാൻ തീരുമാനിച്ചത് നല്ലതിനെന്നു പറയുമ്പോഴും അതൊരു കൊലപാതകമായി കാണുന്നതു തന്നെയാണ് ഉചിതം. ലോകത്തെ ഏറ്റവും വലിയ ടെലിഗ്രാം ശൃംഘലയുടെ കൊലപാതകം.

1850ൽ തുടങ്ങിയ ഈ കമ്പിയില്ലാകമ്പി ഏർപ്പാട് 1854 മുതൽ ഇന്ത്യൻ ജനത ഉപയോഗിച്ചു വരുന്നുണ്ട്. അതിവികസനത്തിൽ മുട്ടിനിൽക്കുന്ന വർത്തമാനകാല ഭാരതത്തിന്റെ പല മുക്കിലും മൂലകളിലും ഇന്നും പൂർണ്ണ ആരോഗ്യത്തോടെ ഇതു നിലനിൽക്കുന്നുണ്ട് എന്നതുകൂടി കൂട്ടിയോർക്കണം. വികസനം കൊണ്ടു പൊറുതിമുട്ടിയ ഇത്തരമിടങ്ങളിലെങ്കിലും ആകെ ആശ്രയമായ കമ്പിയില്ലാക്കമ്പിയെ ഇതര സൗകര്യങ്ങൾ എത്തും വരെയെങ്കിലും നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. ഇന്റെർനെറ്റും ഈമെയിലും മൊബൈലും എന്തിനേറെ വൈദ്യുതിപോലും അന്യമായ ദേശങ്ങൾ നമ്മുടെ സമ്പന്ന ഭാരതത്തിലുണ്ടെന്നതു സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഈ കൊലപാതകം നടക്കുന്നത്.

ജൂലായ് 15, നാളെ വാർദ്ധക്യകാല പെൻഷൻ കൂടി നിഷേധിക്കപ്പെട്ട് കാലയവനികക്കുള്ളിൽ മറയാൻ വിധി തേടുന്ന ടെലിഗ്രമിന്.....

Tuesday

ശ്രീശാന്ത് കുറ്റക്കാരനല്ല


 ലയാളികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി ജാമ്യമില്ലാതെ ജയിലിലടക്കുന്ന പ്രവണതയുടെ അവസാന ഉദാഹരണമാണ് ശ്രീശാന്ത്. ഇതുവരെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ശ്രീശാന്തിന്റെ അറസ്റ്റോടെ അതിനു പുതിയൊരു മുഖം വന്നെന്നു മാത്രം.

  ശ്രീശാന്തിനെ ജീവനോടെ കുഴിച്ചുമൂടാൻ മാത്രം മലയാളത്തിലെ മാധ്യമങ്ങളോട് എന്തു പരാക്രമമാണ് അയാൾ കാട്ടിയതെന്നുമാത്രം മനസ്സിലായില്ല. കളിക്കളത്തിൽ കാണിക്കുന്ന ശൗര്യത്തിന്റെ അളവുകോലാണെങ്കിൽ അതു നിയന്ത്രിക്കാനും പിഴയിടാനുമൊക്കെ അവിടെത്തന്നെ ആളുണ്ടല്ലോ. കേരളത്തിന്റെ ക്രിക്കറ്റു മുതലാളിമാരും ഒരു നല്ല വാക്ക് ആശ്വാസമായി പറഞ്ഞു കേട്ടില്ല. ആപത്തിൽ സത്യമറിയാതെ ക്രൂശിക്കാൻ മലയാളിസമൂഹം മത്സരിച്ചു മുന്നേറുന്ന കാഴ്ച കാണാൻ അത്രക്കു സുഖമില്ലായിരുന്നുവെന്നു പറയാതെ വയ്യ.

 ശ്രീശാന്തിനെതിരേ  ഡൽഹി പോലീസും മലയാള മാധ്യമങ്ങളടക്കമുള്ള സംസ്കാരം വിളമ്പുന്ന സമൂഹവും പടച്ചുവിട്ട നുണക്കഥകൾ ഒന്നൊന്നായി ഉടഞ്ഞു വീഴുന്ന കാഴ്ചകളാണു പിന്നീടുകണ്ടത്. ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോൾ കൂടെ കാറിലുണ്ടായിരുന്നുവെന്ന് പറഞ്ഞ പെണ്ണുങ്ങൾ ആദ്യമായി ആവിയായിപ്പോയി. ശ്രീ കൈപ്പറ്റിയ നാൽപ്പതുലക്ഷത്തിൽ മുപ്പതുലക്ഷം തുടർന്ന് ആവിയായി. പിന്നീടുള്ള പത്തിൽ അഞ്ചും പോയി. ബാക്കി അഞ്ചാവട്ടെ എവിടെയാണെന്നതിന് ഒരെത്തുംപിടിയും കിട്ടുന്നുംഇല്ല. ലോകമപ്പാടെ നശിപ്പിക്കാൻ കഴിവുള്ള മൂന്നു കൂട്ട നശീകരണയുധങ്ങളായ ലാപ്ടോപ്പും മൊബൈലും ഐപാഡും അരിച്ചു പീറുക്കിയിട്ടും പോലീസിന് ഒന്നും കിട്ടിയില്ല. പുതുതായി കണ്ടുപിടിച്ച മൊബൈൽ ഫോണിനെക്കുറിച്ചും ഇപ്പോൾ വിവരമില്ല.

 ഇന്ത്യകണ്ട മഹാത്ഭുതമായ പി.ടി. ഉഷയെ തമസ്കരിക്കാൻ മടികാണിക്കാതിരുന്ന മലയാളി മാമന്മാരുടെ വിഖ്യാത സ്വഭാവഗുണത്തിന് ശ്രീശാന്തും ഇപ്പോൾ ഉദാഹരണമായി. ശ്രീക്കു വേണ്ടി ഇപ്പോൾ മുതലക്കണ്ണിരൊഴുക്കുന്നവർ കപടസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നേ പറയാനുള്ളൂ.

ഇന്ത്യയിലെ മർദ്ദിത വിഭാഗങ്ങളെ അടിച്ചമർത്താൻ നിർമ്മിക്കപ്പെട്ട കാടൻ നിയമങ്ങളിൽ ഒരെണ്ണത്തിനെക്കൂടി ജനസാമാന്യത്തിനു മനസ്സിലാക്കിക്കൊടുക്കാൻ ഈ സംഭവം നിമിത്തമായെന്നതാണ് ഡൽഹിപോലീസിനു പറ്റിയ തിരക്കഥയിലെ പിഴവ്. അതെന്തുതന്നെയായാലും അവരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും തൽക്കാലത്തേക്കെങ്കിലും തലയൂരാൻ അവർക്കു സാധിച്ചുവെന്നുതന്നെ കരുതണം.

 നിരപരാധിത്വം തെളിയിച്ച് ശ്രീശാന്ത് തിരികെയെത്തുമെന്നുതന്നെ കരുതുന്നു. കെട്ടിച്ചമയ്ക്കപ്പെട്ട കള്ളത്തെളിവുകൾക്ക് ഭീകര നിയമത്തിന്റെ പിൻബലം ചർത്തിക്കൊടുത്തിട്ടും ശ്രീശന്തിന് ജാമ്യം കിട്ടിയെന്ന യാഥാർത്ഥ്യം അതാണു തെളിയിക്കുന്നത്. ഭീകര നിയമത്തിന്റെ ബലിയാടുകളാക്കി ജയിലിലടക്കപ്പെട്ട നിരപരാധികൾക്ക് നിതി ഇപ്പോഴും അകലെയാണ്. വർഷങ്ങളുടെ നീതി നിഷേധങ്ങളിലെങ്കിലും മൗനം വെടിയാൻ നമ്മുടെ മാധ്യമ സമൂഹം ഇനിയും തയ്യാറവുമെന്നു കരുതുന്നില്ല. അതുകൊണ്ടുതന്നെ പുതിയ "ഭീകരവാദി"കൾ കേരളത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കും...

(ശ്രീശാന്ത്, നഷ്ടം ആർക്ക്)

Monday

ജനമൈത്രി പോലീസ്


 മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ "ർതലോ"യെയും "ക്ക്ഡ്രേൻമാ"യെയും വെല്ലുന്ന ക്രിമിനലുകളായി നമ്മുടെ പോലീസുകാർ മാറിക്കൊണ്ടിരിക്കുന്ന കഥകളാണ് ഇപ്പോൾ കൂടുതലും കേൾക്കുന്നത്. സമൂഹത്തിലെ മാന്യന്മാരായ ക്രിമിനലുകലായി പോലീസുകാർ മാറുന്നതിന്റെ കാരണം കണ്ടെത്താൻ ഹിമാലയം താണ്ടേണ്ടി വരില്ല.

  മാധ്യമപ്രവർത്തകരെ വളഞ്ഞിട്ടു തല്ലുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നു. കഴിഞ്ഞ ദിവസവും ക്രൂരമായ ആക്രമണം നടന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് മൂന്നുവലത്തു കറങ്ങി മർദ്ദനപാലനം നടത്താൻ കൂടി അവർ പ്രത്യേകം ശ്രദ്ധിച്ചു. സമൂഹത്തിലെ ഏറ്റവും ഭീകരരയ ഗുണ്ടാ സമൂഹമായി ജനമൈത്രി പോലീസ് മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒരുദാഹരണം മാത്രം.

പ്രകോപനം സൃഷ്ടിച്ച് പൊതുസമൂഹത്തെ ക്രിനലുകളാക്കുകയാണ് മിക്കപ്പോഴും ഇവർ ചെയ്യുന്നത്. സത്യസന്ധരായ നിയമപാലകർ ഇലെന്നല്ല, അത്തരക്കാർ തുലോം കുറവാണ്. കസ്റ്റഡിയിലെടുക്കുന്നവരോടോ ചോദ്യം ചെയ്യപ്പെടുന്നവരോടോ സഭ്യമായി സംസാരിക്കുന്നില്ലെന്നതു കൂടാതെ വാഹന പരിശോധനയിൽ പിടിടിക്കപ്പെടുന്നവരോടുപോലും പൂവും കായും പ്രയോഗിക്കാതെ ഇവർക്കു പറ്റില്ലെന്നായിരിക്കുന്നു. ഏറ്റവും വലിയ നിയമ നിഷേധികളും പോലീസുകാർ തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.

 കഴിഞ്ഞദിവസം എന്റെ വീടിനടുത്തു നടന്ന വാഹന പരിശോധനയിൽ മത്സ്യം വങ്ങാൻ അങ്ങടിയിലെത്തിയ ഞാനും കുടുങ്ങി. ഹെൽമറ്റുതന്നെ വില്ലൻ. അസഭ്യ വർഷം സഹിക്കാനാവാതെ ചെവി പൊത്തിപ്പോയി. അവസാനം നല്ലൊരുപദേശം കിട്ടി, "ഇനി ചെക്കിങ്ങുള്ളിടത്ത് ഹെൽമെറ്റില്ലാതെ വരരുത്"! ഹെൽമെറ്റില്ലാതെ യാത്ര ചെയ്യരുതെന്നല്ല!! മുമ്പ് സുൽത്താൻ ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള വഴി ചോദിച്ച എനിക്ക് മൈസൂർ റോഡു കാണിച്ചുതന്നതും കേരളാ പോലീസുതന്നെയാണ്. അൻപതു കിലോമീറ്ററാണ് അന്ന് എനിക്ക് അധികം സഞ്ചരിക്കേണ്ടിവന്നത്.

 ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിമാസം നിശ്ചിത ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വൃത്തികെട്ട വ്യവസ്ഥിതി ഇവിടെ ക്രിമിനൽ വൽക്കരണമാണു നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങൾ നടക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇതിനർത്ഥം. അതായത് കുറ്റകൃത്യങ്ങളും കുറ്റവാളികളുമില്ലാത്ത ഒരു സമൂഹത്തെ സ്വപ്നം കാണാൻ പോലും നിയമപാലക വിഭാഗം തയ്യാറല്ല. ഒരിക്കൽ തെറ്റു ചെയ്തുപോയെന്ന കാരണത്താൽ ഒരു വിഭാഗത്തെ കാലാകാലം കുറ്റവാളികളാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ വ്യഗ്രത പ്രത്യേകം ഓർക്കേണ്ടതാണ്.


Popular Posts

Recent Posts

Blog Archive