മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വോപകാരിയായ ഈ മഹാ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതും കൂടിയ അളവില്‍ത്തന്നെയാണ്. ബൂലോകത്തെ പ്രഗത്ഭരും പ്രമുഖരും സര്‍വ്വഗുണ സമ്പന്നരുമായ ഒരുകൂട്ടം ബ്ലോഗര്‍മാരും ഈ ദുരുപയോഗത്തിന്റെ രുചി കുറച്ചെങ്കിലും അറിഞ്ഞിട്ടുണ്ട്. അതുപക്ഷേ ബൂലോകത്തു തന്നെ വളരെയേറെ ശല്യക്കാരനായി മാറിയിരിയ്ക്കുന്ന ഒരു ബ്ലോഗറില്‍(?) നിന്നുതന്നെയാണെന്നതാണ് അത്യന്തം ഖേദകരം. ഈ ബ്ലോഗറില്‍ (ഇയാള്‍ ബ്ലോഗറാണോ?) നിന്ന് ഇത്തരം ശല്യങ്ങള്‍ പലവട്ടം നേരിടേണ്ടിവന്ന ചിലരുടെ അനുഭവങ്ങള്‍ ചെറിയ അളവിലെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നതിനാല്‍ എഴുതിപ്പോയതാണ് ക്ഷമിയ്ക്കുക...
ബ്ലോഗര്‍
മുഹമ്മദുകുട്ടിക്ക പറയുന്നതു ശ്രദ്ധിയ്ക്കൂ..,
“സത്യത്തില്‍ ആദ്യമൊക്കെ സന്തോഷമായിരുന്നു. ഒരു ബ്ലോഗറുമായി ചങ്ങാത്തം കൂടുകയെന്നാല്‍ ഒരു നല്ല കാര്യമായി എനിയ്ക്കു തോന്നിയിരുന്നു. അതിനാല്‍ ആ ചങ്ങായിയുമായി സംസാരിയ്ക്കാറുമുണ്ടായിരുന്നു. പിന്നെപ്പിന്നെ അയാളുടെ ഒലക്കമേലെ വര്‍ത്താനം ഒരു ശല്യമായിത്തീര്‍ന്നപ്പോള്‍ ചെവി ചൂടായി, ഫോണ്‍ ചൂടായി എന്നൊക്കെ ഒഴിവു കഴിവുകള്‍ പറഞ്ഞ് സംസാരം പരമാവധി രണ്ടുമിനുട്ടിലൊതുക്കാന്‍ എനിയ്ക്കു സാധിച്ചു. ഏതായാലും ഇപ്പൊ അയാള്‍ വിളിയ്ക്കാത്തതിനാല്‍ പരമ സുഖം. ..”
അനില്‍@ബ്ലോഗ്,
ഭയങ്കര വിളിയായിരുന്നു, ഒപ്പം നൂറുനൂറു സംശയങ്ങളും ബോറന്‍ ചോദ്യങ്ങളും. സത്യത്തില്‍ ഓഫീസില്‍പ്പോലും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ അയാളെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പൊ അങ്ങനെ ശല്യം ചെയ്യുന്നില്ല, അതിനാല്‍ പരമസുഖം.
അരീക്കോടന്‍,
ഇപ്പോഴും അധികം മുടങ്ങാതെ വിളിയ്ക്കുന്നുണ്ട്. എന്നാലും അത്രയധികം ശല്യകാരനാണെന്നു തോന്നിയിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ സംസാരം നീണ്ടു പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇപ്പൊ എന്തായാലും വിളി കുറവാണ്.
അരുണ്‍ കായംകുളം,
മുമ്പൊക്കെ മണിയ്ക്കൂറുകണക്കിനു വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. പിന്നെപ്പിന്നെ തിരക്കാണ് വര്‍ക്കു കൂടുതലാണ് എന്നൊക്കെ പറഞ്ഞ് തല്‍ക്കാലം ഒഴിവാക്കി. ഇപ്പൊ എന്തായാലും വല്ലപ്പോഴുമേ വിളിയ്ക്കാറുള്ളൂ. അതു ഞാന്‍തന്നെ മാനേജുചെയ്യും...
ബെര്‍ളിതോമസ്,
എന്നെയും കുറേ തവണ വിളിച്ചിരുന്നു, ഞാന്‍ മൈന്റു ചെയ്തില്ല. അതുകൊണ്ടുതന്നെ വിളി താനേ നിന്നു.
ചാണക്യന്‍,
ഞാന്‍ പക്ഷേ വിട്ടുകൊടുക്കില്ല, ആശാന്റെ മൊബൈലിലെ കാശു തീരുമ്പൊ താനെ നിറുത്തിക്കൊള്ളുമെന്നു കരുതും. വെറുതേ കേട്ടുനില്‍ക്കുന്നതിനു ടാക്സു കൊടുക്കണ്ടല്ലോ... ഇങ്ങോട്ടു കിട്ടുന്ന ബഢായിയ്ക്കു ഉരുളയ്ക്കുപ്പേരികണക്കു ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. എന്നാലും ചില സമയത്തു വിളിച്ചു ശല്യപ്പെടുത്തിയിട്ടുണ്ടെന്നു പറയാതിരിയ്ക്കാന്‍ വയ്യ.
ഏറനാടന്‍,
ഇച്ചങ്ങായി ഗള്‍ഫുക്കു വിളിച്ചുവരെ ശല്യപ്പെടുത്തിയിരുന്നു. വിളിച്ചാല്‍ പിന്നെ നിറുത്താത്തതിനാല്‍ പലപ്പോഴും അയാളുടെ കാള്‍ ഞാന്‍ അറ്റന്റു ചെയ്യാതിരുന്നിരുന്നു.
ഫൈസല്‍ കൊണ്ടോട്ടി,
നേരിട്ടു കണ്ടപ്പൊ നല്ലതു നാലു പറഞ്ഞു, അതില്‍പ്പിന്നെ പരമസുഖം, ഒരു ശല്യവുമില്ല. അതിനുമുന്‍പ് ഫോണ്‍ ഓണാക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു.
കാപ്പിലാന്‍,
സത്യത്തില്‍ ഇത്രയും വലിയ ഒരു ബോറനെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. സത്യത്തില്‍ ഇവനെയൊക്കെ ബ്ലോഗാന്‍ അനുവദിയ്ക്കുന്നവരെ ചന്തിയില്‍ കുറ്റിച്ചൂലില്‍ ചാണകം മുക്കിയടിയ്ക്കണം..!
മാണിക്യം,
ക്യാനഡയില്‍ പോലും എനിയ്ക്കു സ്വൈര്യം അയാള്‍ തന്നില്ല. മൊബൈല്‍നമ്പര്‍ കൊടുത്തു കുടുങ്ങിപ്പോയതാണ്. എന്തു കഷ്ടമാണെന്നോ, അരമുക്കാല്‍ മണിയ്ക്കൂറു നേരം സ്വസ്ഥതയുണ്ടാവില്ല... ഇപ്പൊ നാട്ടിലും ഒരു സ്വസ്ഥതയില്ല.
മുള്ളൂക്കാരന്‍,
എനിയ്ക്കിതു നേരത്തേ അറിയാവുന്നതുകൊണ്ട് കുടുങ്ങീല.... ഞാന്‍ ഫോണെടുക്കലു നിര്‍ത്തി.
നാട്ടുകാരന്‍,
ഒരുപക്ഷേ ഞാനായിരിയ്ക്കും ഏറ്റവും ബുദ്ധിമുട്ടിയത്. റോമിംഗില്‍പ്പോലും എനിയ്ക്കു സ്വസ്ഥത തന്നില്ല. നേരിട്ട് ഇനിക്കണ്ടാല്‍ ശരിയാക്കിക്കൊടുക്കുന്നുണ്ട്.... വേറേ ഫോണ്‍ വരുന്നുണ്ടന്നു പറഞ്ഞു തടിയൂരാറാണു പതിവ്, നിങ്ങള്‍ക്കും ഇതു പരീക്ഷിവുന്നതാണ്‍...
പാവത്താന്‍,
ഞാനൊരു പാവമായതിനാല്‍ അയാളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അയാളെ മുക്കാലിയില്‍ കെട്ടിത്തൂക്കി മുളകരച്ചു പുരട്ടുന്നതിനിന്നു ഞാന്‍ സാക്ഷിയാകാം...
ഹല്ലപിന്നെ...
തബാറക് റഹ്മാന്‍
ഇങ്ങോട്ടു പൊട്ടിയ്ക്കുന്നതിന്റെ ഡബിള്‍ പൊട്ടിച്ചുകൊടുക്കും, പുതിയ ആളായതുകൊണ്ട് തല്‍ക്കാലം വിവാദത്തിനില്ല.
വാഴക്കോടന്‍,
ഇത് എന്നോ എഴുതേണ്ടതായിരുന്നു...! ഇതിവിടെ എഴുതാന്‍ കഴിഞ്ഞതു മഹാ ഭാഗ്യം ! ഏതായാലും ബൂലോകത്തു നിന്നും ഇയാളെ കെട്ടുകെട്ടിയ്ക്കേണ സമയം അതിക്രമിച്ചു എന്നേ എനിയ്ക്കു പറയാനുള്ളൂ....
ഷെറീഫ് കൊട്ടാരക്കര
ഞാനേതായാലും നമ്പരു കൊടുത്തില്ല. പക്ഷേ ചാറ്റു മെഷീന്‍ എനിയ്ക്കു തുറക്കാന്‍ ധൈര്യമില്ലെന്നതു സത്യം..
കണ്ടില്ലേ ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ്. ആ മാന്യന്‍ ഇനി ബൂലോകത്തു തുടരണോ വേണ്ടയോ എന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ... പറ്റുമെങ്കില്‍ പാവത്താന്‍ പറഞ്ഞ പോലെ മുക്കാലിയില്‍ കെട്ടി മുളകരച്ചു പുരട്ടൂ. ഏതായാലും ഇതൊക്കെ സഹിയ്ക്കുന്നതിന് ഒരതിരുണ്ട്... ഈ ലിസ്റ്റില്‍ വരാത്തവര്‍ ഒരുപാടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരൊക്കെ അഭിപ്രായം പറയാതിരിയ്ക്കില്ല...