Friday

നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ...


കടത്തുതോണി മുങ്ങി എട്ടു കുരുന്നുകളുടെ ജീവന്‍ ബലിനല്‍കിയതിനു ശേഷമാണ് കടവില്‍ പാലം വേണമെന്ന് അധികൃതര്‍ക്കു തോന്നിയത്. ബോട്ടുമുങ്ങി വിനോദ സഞ്ചാരികള്‍ക്കു ജീവാപായമുണ്ടായപ്പോഴാണ് ആ കാര്യത്തിലും ഒരി ചിന്തയ്ക്ക് അധികൃതര്‍ തയ്യാറായത്. ഇങ്ങനെ ഏതു വിധത്തില്‍ ചിന്തിയ്ക്കേണ്ടവര്‍ ചിന്തിച്ചാലും അതെല്ലാം ചിതയിലെ തീയണയും വരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണു ഖേദകരം. ദുരന്തങ്ങള്‍ ഒന്നിനുപിറകേ എത്തുമ്പോള്‍ അതില്‍പ്പെട്ടു ജീവന്‍ പൊലിയുന്നവര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണു നഷ്ടം. മാധ്യമങ്ങള്‍ക്കു കുറച്ചു നാളത്തേയ്ക്കു ചാകര. മരണപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ചു കാണിയ്ക്കുന്നതില്‍ മത്സരം. വാത്തകള്‍ ജനങ്ങളിലെത്തിയ്ക്കുന്നതിലല്ല മറ്റു മാധ്യമങ്ങളെക്കാള്‍ ജനപ്രീതി നേടുകമാത്രമാണു ലക്ഷ്യം.

നാളെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ഇതുതന്നെയാകും സ്ഥിതി.കേരളത്തിലെ കുറച്ചു ജില്ലകള്‍ അപ്രത്യക്ഷമാവും. മറ്റുജില്ലകളിലുമുണ്ടാവുമല്ലോ സാധാരണക്കാര്‍. അവര്‍ മാത്രം ദു:ഖിയ്ക്കും. മാധ്യമലോകത്ത് ഏറ്റവും വലിയ ചാകര ലഭ്യമാവും. അതുകൊണ്ടുണ്ടായ നഷ്ടം അളക്കാന്‍ ആളുണ്ടാവും. പുതിയ അണകെട്ടാനും തമിഴ്നാടിനു വെള്ളമെത്തിയ്ക്കാനും വൈകാതെ നമ്മളും ശ്രമിയ്ക്കും. തനിയ്ക്കിരിയ്ക്കാന്‍ ഇരിയ്ക്കുന്നിടം തുടയ്ക്കുന്ന ശീലം നമുക്കില്ലല്ലോ.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയാന്‍ വേണ്ടവിധത്തില്‍ ഒന്നൊച്ചയുണ്ടാക്കാന്‍ എന്താണു നാം ശ്രമിയ്ക്കാത്തത്? തമിഴ്‌നാടിനു വെള്ളം കൊടുക്കില്ലെന്നാരും പറഞ്ഞില്ല. വെള്ളക്കരം(!) കൂട്ടണമെന്നാരും പറഞ്ഞില്ല. കേരലത്തിലെ ഒരു വലിയ ഭൂപ്രദേശത്തെയാകെ രക്ഷപ്പെടുത്താന്‍ ഒന്നുപുതുക്കിപ്പണിയണമെന്നു പറയുന്നു. അതത്ര വലിയ അപരാധമാണോ? കേരളത്തിലെ ജനങ്ങള്‍ എന്തു നോക്കിയിരിയ്ക്കുകയാണ്. ഒരു വലിയ ഭീകര വിപത്ത് പടിവാതിലില്‍
നില്‍ക്കുമ്പോള്‍ വരട്ടെ നേരിടാമെന്നാണോ?

കേരളസംസ്ഥാനം രൂപം കൊള്ളുന്നതിന് എത്രയോകാലം മുമ്പുണ്ടാക്കിയ കരാറാണോ പ്രശ്നം? കേരളവുമായി തമിഴ്‌നാട് കരാറുണ്ടാക്കിയിട്ടുണ്ടോ. ഇല്ലെന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. പണ്ടു സായിപ്പുണ്ടാക്കിയ കരാറിന് ഇന്നെന്തു പ്രസക്തി? അന്നൊക്കെ സായിപ്പുണ്ടാക്കിയതെല്ലാം ഇന്നെവിടെ സ്ഥിതിചെയ്യുന്നുവോ അവര്‍ക്കു സ്വന്തം. ഇവിടെ മാത്രം എന്താണാവോ പ്രശ്നം? 1789ല്‍ കൂടിയാലോചിച്ച്, 1882ല്‍ തീരുമാനിച്ച്, 1887ല്‍ പണിയാരംഭിച്ച്, 1895ല്‍ പൂര്‍ത്തിയാക്കിയ അണക്കെട്ടിന് ആകെ ചെലവ് 65ലക്ഷം രൂപ. 1886ല്‍ ഏക്കറിന് 5രൂപവച്ച് വര്‍ഷം തോറും കേരളത്തിന്. അണക്കെട്ടിന്റെ ആയുസ് നിശ്ചയിച്ചത് 50 വര്‍ഷത്തേയ്ക്ക്. പാട്ടക്കരാര്‍ ഉറപ്പിച്ചത് 999 വര്‍ഷത്തേയ്ക്ക്.

കാലം മാറുമ്പോള്‍ രൂപയുടെ മൂല്യവും മാറുമെന്ന് അന്നത്തെ പൊട്ടന്മാര്‍ക്കറിയില്ലായിരുന്നോ? അണെക്കെട്ടിന് 50 വര്‍ഷത്തെ ആയുസ്സേ ഉള്ളെന്നു വിലയിരുത്തിയപ്പോള്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഉറപ്പിയ്ക്കുമ്പോള്‍ ഇക്കലമത്രയും വെള്ളം കെട്ടി നിര്‍ത്താന്‍ അണക്കെട്ട് പുതുക്കിപ്പണിയേണ്ടി വരുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഇപ്പൊ അതിനു ബലക്ഷയമുണ്ടെന്നതും എല്ലാര്‍ക്കും അറിയാവുന്നതാണ്. പുതുക്കിപ്പണി വേണ്ടെന്നു തമിഴ്‌നാടു പറയുന്നെങ്കില്‍ അതവരുടെ രാഷ്ട്രീയ മുതലെടുപ്പു മാത്രമാണ്. തമിഴ്‌മക്കളുടെ ജീവിതത്തിനു പ്രശ്നമുണ്ടാകുമെന്ന് അവര്‍ ചിന്തിയ്ക്കുന്നെങ്കില്‍ മലയാളമക്കള്‍ക്കു ജീവനുണ്ടെന്നും അവര്‍ ചിന്തിയ്ക്കണമല്ലോ.

അണക്കെട്ടു പുതുക്കിപ്പണിയേണ്ടത് നമ്മുടെ ആവശ്യമാണ്. കാരണം നഷ്ടപ്പെടുന്നത് നമ്മുടെ ജീവനും ദേശവുമാണ്. മറ്റുള്ളവരുടെ അനുമതിയ്ക്കു കാത്തു നില്‍ക്കുന്നതെന്തിന്. കേരളത്തില്‍ ജനങ്ങള്‍ ആവശ്യമില്ലെങ്കില്‍ ആ ജനങ്ങള്‍ക്കെന്തിനു പാര്‍ട്ടികളും ജനപ്രതിനിധികളും? രാഷ്ട്രീയം വെടിഞ്ഞ് തല്‍ക്കാലം കൊടിയൊക്കെ ഒന്നു താഴെവച്ച് ഒറ്റക്കെട്ടായിനിന്ന് കേരളമൊന്നാകെ ശബ്ദിച്ചാല്‍ അതിനുവേണ്ടി മരിയ്ക്കാനും തയ്യാറായാല്‍ ഇവിടെ എല്ലാം നടക്കും. മുല്ലപ്പെരിയാറിനു വേണ്ടി നാമോരോരുത്തരും മുഴക്കുന്ന ശബ്ദം എത്ര വലുതാണെന്നു നാം തിരിച്ചറിയണം. എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ചു നാളത്തേയ്ക്ക് ആഘോഷിയ്ക്കാനാണ് പലര്‍ക്കും താത്പര്യം. നാമതു തിരിച്ചറിയണം.

തേക്കടിയില്‍ ബോട്ടുമുങ്ങിയപ്പോള്‍ കുറച്ചു ദിവസം അതായിരുന്നു ആഘോഷം. അതുപോലെ എല്ലാം. നാളെ മുല്ലപ്പെരിയാറെങ്കിലും അത്തരം വാര്‍ത്തയായി ഒടുങ്ങാതിരിയ്ക്കാന്‍ നാം കര്‍മ്മനിരതരാകേണ്ടതുണ്ട്. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഇന്നു നാം ഒരുമിച്ചു നിന്നില്ലെങ്കില്‍ നാളെ നമുക്കു വരാനുള്ളത് കൊടിയ വിപത്ത്. ഇവിടെ ഒന്നും ഒന്നിനും തടസ്സമല്ല, ഒരുമയില്ലായ്മ മാത്രമാണു തടസ്സം. അതു തിരിച്ചറിഞ്ഞ് നമുക്കൊത്തൊരുമിച്ചു ശബ്ദിയ്ക്കാം, ഉച്ചത്തില്‍. അതിനെതിരു നില്‍ക്കുന്നവനെതിരെ പടപൊരുതാം. കാരണം അവര്‍ക്കു മനസ്സിലാവുന്നില്ലെന്നു നടിയ്ക്കുകയാണ്. അവര്‍ ഉറക്കം നടിയ്ക്കുകയാണ്. അവര്‍ക്കങ്ങനെയാകാം. കാരണം നഷ്ടം നമുക്കാണല്ലോ.

  24 comments:

  1. ഇതു ബോംബല്ല. ഒരു തേങ്ങയാ. ഇവിടടിക്കാൻ കൊണ്ടു വന്നതാ... പടയല്ലേ...ഐശ്വര്യമായി തുടങ്ങാം

    പടയ്ക്കു ഞാൻ റെഡി. പട പേടിച്ചു പാലക്കാട്ടു ചെന്നപ്പോ പാലം പൊളിച്ചോണ്ടു പട....

    ReplyDelete
  2. കേരളത്തില്‍ ജനങ്ങള്‍ ആവശ്യമില്ലെങ്കില്‍ ആ ജനങ്ങള്‍ക്കെന്തിനു പാര്‍ട്ടികളും ജനപ്രതിനിധികളും? രാഷ്ട്രീയം വെടിഞ്ഞ് തല്‍ക്കാലം കൊടിയൊക്കെ ഒന്നു താഴെവച്ച് ഒറ്റക്കെട്ടായിനിന്ന് കേരളമൊന്നാകെ ശബ്ദിച്ചാല്‍ അതിനുവേണ്ടി മരിയ്ക്കാനും തയ്യാറായാല്‍ ഇവിടെ എല്ലാം നടക്കും.

    അപ്പറഞ്ഞതിന് താഴെ ഒരു ഒപ്പ്.

    ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കരാര്‍ മാത്രമായിരുന്നു ഇതെങ്കില്‍ കുഴപ്പമില്ലായിരുന്നു കൊട്ടോട്ടീ. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1970 മെയ് 29ന് സായിപ്പിന്റെ കരാര്‍ പുതുക്കിക്കൊടുത്തു. അതും 1954 മുതല്‍ മുന്‍‌കാല പ്രാബല്യത്തോടെ. അവിടെയാണ് നമുക്ക് പിഴച്ചത്. രാജാവ് ചോരകൊണ്ട് ഒപ്പിട്ട ഒരു പാട്ടക്കരാറില്‍ പച്ചവെള്ളം കൊണ്ട് ഒപ്പിടുന്ന ലാഘവമാണ് മന്ത്രിമാരുടെ ഭരണമായപ്പോഴേക്കും സംഭവിച്ചത്.

    തെറ്റു തിരുത്താന്‍ ഇനി അധിക സമയം ഇല്ല. പക്ഷെ അതിന് നാം ഒറ്റക്കെട്ടായി നിന്നേ പറ്റൂ.

    കൊണ്ടോട്ടിയുടെ ഈ പോസ്റ്റിന് നന്ദി. ഡാം സൈറ്റില്‍ http://rebuilddam.blogspot.com/) ഇതിന്റെ ലിങ്ക് ചേര്‍ക്കുന്നുണ്ട്.

    ReplyDelete
  3. തെലുങ്കാനക്ക് വേണ്ടി ഒരു രാഷ്ട്രീയനേതാവ് ഉപവസിച്ചു. അതിന്ന് ഫലമുണ്ടായി. കാരണം അവര്‍ക്ക് ഒരു മുന്‍ഗാമി ( പൊറ്റി ശ്രീരാമലു - ആന്ധ്രപ്രദേശിന്നു വേണ്ടി ഉപവസിച്ച് ജീവത്യാഗം ചെയ്ത നേതാവ്) ഉണ്ടായിരുന്നു. നമുക്കോ.

    ReplyDelete
  4. കേരളത്തില്‍ ജനങ്ങള്‍ ആവശ്യമില്ലെങ്കില്‍ ആ ജനങ്ങള്‍ക്കെന്തിനു പാര്‍ട്ടികളും ജനപ്രതിനിധികളും? രാഷ്ട്രീയം വെടിഞ്ഞ് തല്‍ക്കാലം കൊടിയൊക്കെ ഒന്നു താഴെവച്ച് ഒറ്റക്കെട്ടായിനിന്ന് കേരളമൊന്നാകെ ശബ്ദിച്ചാല്‍ അതിനുവേണ്ടി മരിയ്ക്കാനും തയ്യാറായാല്‍ ഇവിടെ എല്ലാം നടക്കും.

    എവിടെ നടക്കാന്‍ ?? വെറുതെ മോഹിക്കാം അത്ര തന്നെ! നല്ല പോസ്റ്റ്!

    ReplyDelete
  5. കുത്ത്ണെ കാളന്റെ കൊമ്പ്ങ്ങട്ടെട്ക്ക്
    കത്ത്ണെ വെളക്കിന്റെ മൂടിങ്ങട്ടെട്ക്ക്
    ഞാനിപ്പൊ പോവും---പട വെട്ടാന്...

    ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളു ഇതിനെ കുറിച്ച്
    എത്രയും പെട്ടെന്ന് പഴയ ട്യൂബുകളിൽ കാറ്റ് നിറച്ച് വീടുകളിലും മറ്റും സൂക്ഷിക്കുക. ഒരു വൈക്കോൽ തുരുമ്പ്...

    പോസ്റ്റ് നന്നായി.

    ReplyDelete
  6. exclusive വാര്‍ത്തകളും കാത്തു ടീവിയിലും നോക്കി നമുക്കങ്ങനെ ഇരിക്കാം. മാധ്യമങ്ങള്‍ അല്ലെ നമ്മളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്‌! മണ്ണും ചാരിയിരുന്നവന്‍ പെണ്ണും കൊണ്ട് പോവും. അണ്ടി പോയ അണ്ണാനെ പ്പോലെ നമ്മളും !

    ReplyDelete
  7. ഇതാ ഒപ്പ്,

    ഞാനും കൂടുന്നു..

    സമയോചിതമായ പോസ്റ്റ്‌...

    ReplyDelete
  8. അതെ, എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതിയിരുന്നെങ്കിൽ എന്നേ പരിഹരിക്കുമായിരുന്ന പ്രശ്നമായിരുന്നു ഇത്...

    ReplyDelete
  9. നിലവിളിച്ചുകൊണ്ട് ആവശ്യമായ നടപടികളും കോടതി വിധിയും കാത്തിരുന്നാല്‍ ആരും അതനുഭവിയ്ക്കാന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാല്‍ ഒറ്റക്കെട്ടായി പോരാടാന്‍ തയ്യാറായേ പറ്റൂ. പുതുക്കിയ കരാറൊക്കെ പിച്ചിച്ചീന്താം ഒരുമയുണ്ടെങ്കില്‍ അതിനൊന്നും ബുദ്ധിമുട്ടുണ്ടാവില്ല.ഇക്കാര്യത്തില്‍ ചിലപ്പോള്‍ അതിലും കടുത്ത നടപടിയെടുക്കേണ്ടിയും വന്നേക്കാം. ഇതു ജീവന്റെ, ജീവിതത്തിന്റെ പ്രശ്നമല്ലേ...

    ReplyDelete
  10. അങ്ങിനെ കൊട്ടോട്ടിക്കാരന്‍ കാര്യം പറയാന്‍ തുടങ്ങി.ഇനി അദ്ദേഹത്തെ പിന്‍ താങ്ങുക. നില വിളിച്ചിട്ടു കാര്യമില്ല.

    ReplyDelete
  11. കൊട്ടോട്ടിക്കാരാ..നന്ദി....
    ഒരു കണക്കിൽ ചിന്തിച്ചാൽ,കേരളത്തിന്റെ അണക്കെട്ടാണ്‌
    മുല്ലപ്പെരിയാർ .അതുനാടിനും, ജനങ്ങൾക്കും ഭീഷണിയാണെ
    ങ്കിൽ പൊളിച്ചു പണിയാൻ കേരളത്തിലെ സർക്കാർ ബാധ്യ
    സ്ഥരാണ്‌,അതിനു പോയി മറ്റൊരു സംസ്ഥാനത്തിന്റെ അനു
    വാദത്തിനു കാത്തുകെട്ടി കിടക്കേണ്ട ആവശ്യം ഉണ്ടോ?

    ഈ അണക്കെട്ട്‌ തമിഴ്‌ നാട്ടിലായിരുന്നെങ്കിൽ എന്താകുമായി
    രുന്നു അവസ്ഥ? അണക്കെട്ട്‌ എപ്പോൾപൊളിച്ചെന്നു ചോദി
    ച്ചാൽനതി.ഇവിടുത്തെ പ്രാദേശീക രാഷ്ട്രീയ പാർട്ടികൾക്കുള്ള
    അത്രയും പോലും ഇച്ഛാശക്തി നമ്മുടെ നാട്ടിലെ ദേശീയ രാഷ്‌
    ട്രീയ പാർട്ടികൾക്കില്ലായെന്ന കാര്യം മറക്കരുത്‌,
    തെലുങ്കാനക്കു വേണ്ടി നടക്കുന്ന പോരാട്ടം എന്തിനു വേണ്ടി
    യാണ്‌?അതും മുല്ലപ്പെരിയാറും കൂടി ഒന്നുതാരതമ്യം ചെയ്തു നോ
    ക്കിയാൽ,ഒരു പ്രവിശ്യയിലെ ജനങ്ങളുടെ വികസനങ്ങളും,അ
    വകാശങ്ങളും,അവഗണിക്കുന്നു എന്ന കാരണം മാത്രമാണ്‌,
    തെലുങ്കാന പോരാട്ടം. മുല്ലപ്പെരിയാർ,45 ലക്ഷം ജനങ്ങളുടെ
    ജീവനും,സ്വത്തിനും, സം രക്ഷണം ചോദിച്ചുള്ള പോരാട്ടമാണ്‌
    സത്യത്തിൽ ഇതും ഒരു അവഗണനതന്നെയലേ?
    കഴിഞ്ഞ ദിവസം കേന്ദ്രജലവിഭവ വകുപ്പു മന്ത്രി പവൻ കുമാർ
    ബൻസൻ പറഞ്ഞതുകേട്ടിലേ?
    അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച്‌ ജനങ്ങളിലുള്ള ഭീതിയ
    കറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്‌.!!
    45 ലക്ഷം ജനങ്ങളുടെ വികാരത്തിന്‌ പൂടേടെ വില..
    (തമിഴിൽ പറഞ്ഞാൽ "മൈര്‌" വില)
    മലയാളിക്ക്‌ അവന്റെ സ്വന്തം മണ്ണിൽ ഭയം മില്ലാതെ ജീവിക്കാ
    നുള്ള അവകാശം ഇല്ലേ? ഉണ്ട്‌..!
    അതു നേടിത്തരാൻ നിതി പീഠത്തിനും,രാഷ്ട്രീയക്കാർക്കും,കഴി
    ഞ്ഞില്ലെങ്കിൽ പിന്നെ എന്തു ചെയ്യും?
    പിന്നെ കൊട്ടോട്ടിക്കാരൻപറഞ്ഞതു പോലേ.....

    ReplyDelete
  12. തടിയന്റവിട നസീറുമായി തീവ്രവാദം ആഘോഷിക്കുകയല്ലേ മാധ്യമങ്ങള്‍? ഇനി ആ പുക മറയാതെ ഈ കാര്യങ്ങളിലേക്ക് ആര് ശ്രദ്ധിക്കാന്‍????? :(

    ReplyDelete
  13. തെക്കുവടക്കന്‍: ഏതുകണക്കിനു ചിന്തിച്ചാലും കേരളീയനെ സബന്ധിച്ച് അണക്കെട്ടു നമ്മുടേതാണ്. തെലുങ്കാനയ്ക്കുവേണ്ടി അവിടെ നേതാക്കള്‍ മരിയ്ക്കും, മുല്ലപ്പെരിയാറിനു വേണ്ടി നമ്മുടെ നേതാക്കള്‍ ഇവിടെ രമിച്ചുമറിയ്ക്കും അതാ വ്യത്യാസം!

    Pyari Singh K: അതുതന്നെ, അസ്തുതന്നെ ഞാനും ഉദ്ദേശിച്ചത്. അങ്ങനെ ഓരോന്നും മാറിമാറി വരും. മാധ്യമങ്ങള്‍ വെറും‌‌ ......

    ReplyDelete
  14. പോസ്റ്റ് നന്നായി മാഷേ.

    എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ നടക്കാത്തതൊന്നുമില്ല

    ReplyDelete
  15. മല്ലടിച്ചുപോരടിച്ചുയണിനിരന്നു നേടാമൊരു
    മുല്ലപ്പെരിയാറിലൊരുയണ പുതിയതിവേഗം...

    ReplyDelete
  16. തീര്‍ച്ചയായും മുല്ലപ്പെരിയാര്‍ പ്രശ്നവും തെലുങ്കാന പ്രശ്നവും പ്രാധാന്യം കൊണ്ട് വ്യത്യസ്ഥമാണ്. ജീവന്നും സ്വത്തിന്നും ഭീഷണിയായി നിലകൊള്ളുന്ന അണക്കെട്ടിന്‍റെ കാര്യം തന്നെയാണ് വലുത്. ഞാന്‍ 
    ചൂണ്ടിക്കാട്ടിയത് രണ്ടു സംസ്ഥാനത്തേയും 
    നേതാക്കന്മാരുടെ സമീപനത്തിലെ വ്യത്യാസമാണ്.
    Palakkattettan

    ReplyDelete
  17. ജനങ്ങള്‍ ചിന്തിക്കുന്നതുപോലെ നേതാക്കളോ മാധ്യമങ്ങളോ ചിന്തിക്കുന്നില്ല, എല്ലാവരും സെന്‍സേഷന്‍ തേടി ഓടുന്നു.
    ഇന്നത്തെ വിഷയം ഇന്നത്തെ ആഘോഷം .. അത്രതന്നെ!

    ReplyDelete
  18. ആദ്യം ഇതിലെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നിര്‍ത്തണം.എന്നിട്ട് ജനങളുടെ ഒരു മുന്നണി മുന്നിട്ടിറങണം.വിജയിക്കും തീര്‍ച്ച.

    ReplyDelete
  19. നല്ല പോസ്റ്റ് കൊട്ടോട്ടി....അഭിനന്ദനങ്ങൾ...

    ReplyDelete
  20. excellent keep on doing like this
    almighty give you more strength
    ഭാവുഗങ്ങള്‍

    ReplyDelete

Popular Posts

Recent Posts

Blog Archive