എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്? ഇതൊക്കെ ശരിയ്ക്കൊന്നന്വേഷിയ്ക്കാന്‍, കാരണം മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായൊന്നു ശ്രമിച്ചാല്‍ നമ്മളെയും നമ്മുടെ മാധ്യമങ്ങളെയുമായിരിയ്ക്കും പ്രധാന പ്രതികളായി നാം കണ്ടെത്തുക.
മാധ്യമങ്ങളെ പ്രതിചേര്‍ക്കുന്നതെങ്ങനെ?
ടിവി ചാനലുകളുടെ കാര്യമെടുക്കാം. വാര്‍ത്താ ചാനലുകള്‍ ഏതുതരം വാര്‍ത്തകളാണു പ്രാധാന്യത്തോടെ ജനങ്ങളെ അറിയിയ്ക്കുന്നതെന്നു നോക്കാം. കൊലപാതകം, ബലാത്സംഗം (സോറി പീഢനം. അതാണല്ലോ ഫാഷന്‍), മോഷണം, ബോംബേറ്, കുഴല്‍പ്പണം, കള്ളനോട്ടുകച്ചവടം, ഭീകരപ്രവര്‍ത്തനം, സ്ഫോടനം തുടങ്ങിയവയെയോ ഇതിനോടു ചേര്‍ത്തു വയ്ക്കാവുന്നതില്‍ ഒന്നിനെനെയോ ആയിരിയ്ക്കും അവര്‍ പ്രാധാന്യത്തോടെ വിളമ്പുന്നത്. ഒരു കൊലപാതകം നടന്നാല്‍ ദിവസങ്ങളോളം അതിന്റെ പിറകേയാണ്. അതിനെപ്പറ്റി കഥകള്‍ മെനഞ്ഞുണ്ടാക്കി സീരിയല്‍ പോലെ അവതരിപ്പിയ്ക്കും. ആ കൊലപാതകം നടത്താന്‍ പ്രതികള്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കാമെന്ന് അവര്‍ വിഷ്വലൈസ് ചെയ്തു കാട്ടിത്തരും. ദൃക്‌സാക്ഷി വിവരണങ്ങളായാണ് നമുക്കതു കിട്ടുന്നത്. മിനിസ്ക്രീനിലെ സംഭവ വികാസങ്ങള്‍ കണ്ട് കുടുംബങ്ങള്‍ അദ്ഭുതപ്പെടും. ഇതുകാണുന്ന ഇളം തലമുറ എങ്ങനെ പഴുതുകളില്ലാതെ ഒരാളെ വകവരുത്താമെന്നതില്‍ ബിരുദമെടുത്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
ഇനി വാര്‍ത്ത പീഢനത്തെക്കുറിച്ചാണെങ്കില്‍ അതിലു വലിയ കഷ്ടമാണ്. എവിടെയൊക്കെ കൊണ്ടുപോയി, ഏതുവിധത്തിലൊക്കെ പീഢിപ്പിച്ചു എന്നുതുടങ്ങി എ മുതല്‍ സെഡ് വരെ വിശദമായി എപ്പിസോഡുകളില്‍ പഠിപ്പിയ്ക്കും. പ്രതികള്‍ ചെയ്തതിനെക്കാള്‍ ക്രൂരമായി ഇവര്‍ ഇരയായവരെ വസ്ത്രാക്ഷേപം ചെയ്യും. കാരണം വാര്‍ത്തകള്‍ എത്തിയ്ക്കലല്ല, സ്വന്തം പത്രത്തിനും ചാനലിനും പ്രചാരം വര്‍ദ്ധിപ്പിയ്ക്കലാണ് അവരുടെ ലക്ഷ്യം. പീഢനത്തിനിരയായവര്‍ വീണ്ടും സമൂഹമദ്ധ്യത്തില്‍ ജീവിയ്ക്കേണ്ടവരാണെന്ന് ഇവര്‍ ഓര്‍ക്കാറില്ല. പേരും മുഖവും പലപ്പോഴും വെളിപ്പെടുത്താറില്ലെങ്കിലും പീഢനസീരിയല്‍ കാണുന്നവര്‍ക്ക് ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാറില്ല. മറ്റൊരു ദേശത്തേയ്ക്കു താമസം മാറി ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നു വച്ചാല്‍ അവിടെയും സ്വസ്ഥത കൊടുക്കാറില്ല. ഗത്യന്തരമില്ലാതെ താമസം മാറ്റിയപ്പോള്‍ മാറിയ സ്ഥലം റിപ്പോര്‍ട്ടുചെയ്ത പത്രങ്ങളുമുണ്ട്. ചുരുക്കത്തില്‍ മാധ്യമങ്ങള്‍ക്ക് വിപണിയാണ് വാര്‍ത്തയും സമൂഹവും ജീവിതവും അവര്‍ക്കു പ്രശ്നമേയല്ലെ എന്ന ഗതി വന്നിരിയ്ക്കുന്നു. ഇതും കൂടിയാകുമ്പോള്‍ നമ്മുടെ ഇളം തലമുറ വികലമായി എങ്ങനെ സാമൂഹിക ജീവിതം നയിക്കാമെന്ന കാര്യത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
മോഷണമാണെങ്കില്‍ അതിലും കഷ്ടം! മനസ്സില്‍ പ്ലാനിട്ടതുമുതല്‍ മോഷണ മുതല്‍ വിറ്റു കാശാക്കി അനുഭവിച്ച മാര്‍ഗ്ഗങ്ങള്‍ വരെ എപ്പിസോഡുകളാക്കും. പൊലീസ് നടത്തിയ അന്വേഷണ രീതിയെയും അവര്‍ വിശദീകരിയ്ക്കും. എങ്ങനെ പഴുതുകളില്ലാതെ മോഷ്ടിയ്ക്കാമെന്നു പഠിപ്പിയ്ക്കാനല്ലാതെ എന്തിനാണ് ഇതുകകുക? കുറ്റമറ്റ പുതിയ രീതികള്‍ കണ്ടെത്തുന്നതില്‍ നമ്മുടെ പുത്തന്‍ തലമുറ നന്നായി വിജയിയ്ക്കും. കാരണം അത്രയ്ക്കു താര പരിവേഷമാണ് ഇതിലെ പ്രതികളായവര്‍ക്കു നമ്മുടെ മാധ്യമ സമൂഹം നല്‍കുന്നത്. അതുപോലെതന്നെയാണ് തീവ്രവാദികളെയും വര്‍ഗ്ഗീയവാദികളെയും തീവ്രവാദഭീകരവാദ പ്രവര്‍ത്തനങ്ങണെയും അവതരിപ്പിയ്ക്കുന്നത്.
പണ്ട് മലയാളത്തിലെ രണ്ടു പ്രമുഖ വാരികകളുടെ പ്രചാരം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നത് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മത്സരബുദ്ധിയോടെ പ്രസിദ്ധീകരിച്ചിരുന്ന പംക്തികളാണ്. പിന്നെ മറ്റുള്ളവരും അതേറ്റെടുത്തു. ചാനലുകള്‍ വന്നപ്പൊ അവര്‍ കെങ്കേമമാക്കി. അക്രമങ്ങളും കൊലപാതകങ്ങളും സ്ഫോടനങ്ങളുമല്ലാതെ നമ്മുടെ മനസ്സിലേയ്ക്ക് നന്മയുടെ വിത്തുകള്‍ പാകുന്ന വിഷയങ്ങള്‍ കൈമാറുന്നത് അപൂര്‍വ്വം മാത്രമാണ്. ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും ചെയ്താല്‍ അതിനെ ഒരു പ്രോഗ്രാമാക്കാന്‍ ചാനലുകള്‍ തയ്യാറാകാറില്ല. അതിന് അക്രമ സംഭവങ്ങള്‍ക്കു കൊടുക്കുന്നതിന്റെ ഏഴയലത്തുപോലും വരുന്ന പ്രാധാന്യം നല്‍കിക്കാണാറില്ല. ദൂരദര്‍ശന്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഇതിനൊരു അപവാദമായി നിലകൊള്ളുന്നത്. പത്രത്താളുകളില്‍ ഇന്നു നിറഞ്ഞു കാണുന്നതും ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍തന്നെ. മറ്റുള്ള വാര്‍ത്തകള്‍ക്കുള്ള പ്രസക്തി പരമാവധി കുറയുന്നു. അവ രണ്ടിഞ്ച് ഒറ്റക്കോളം വാര്‍ത്തയായി ചുരുങ്ങുന്നു. മാര്‍ക്കറ്റുള്ള നിറങ്ങളില്‍ ചിത്രങ്ങളെ ഒപ്പിയെടുത്തു പതിയ്ക്കാനില്ലത്തതുകൊണ്ടാവണം ആ വാര്‍ത്തകള്‍ക്കു പ്രസക്തിയില്ലാത്തത്. നിറമുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ തൊള്ളായിരത്തിപ്പതിനാറിന്റെ പ്യൂരിറ്റിയാണല്ലോ...
നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ നാം അറിയാതിരിയ്ക്കണമെന്നല്ല ഞാന്‍ ഉദ്ദേശിയ്ക്കുന്നത്. അറിയേണ്ടതില്‍ കൂടുതല്‍ അറിയുന്നതുകൊണ്ടുള്ള അപകടം ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. വടക്കേയിന്ത്യയില്‍ പണ്ട് ഭീകരപ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും നടക്കുന്നത് ചെറിയ വാര്‍ത്താ ശകലങ്ങളായി ആകാശവാണിയില്‍ക്കൂടിമാത്രം നമ്മള്‍ അറിഞ്ഞിരുന്ന സമയത്ത് അത് അവിടെയാണല്ലോ നമ്മുടെ കേരളത്തില്‍ ഇതൊന്നും സംഭവിയ്ക്കില്ലല്ലോ എന്നുള്ള സമാധാനമായിരുന്നു നമുക്ക്. പ്രസ്തുത സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തും നടന്നുതുടങ്ങിയത് വാര്‍ത്താ മാധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ അത്തരം വാര്‍ത്തകള്‍ പറഞ്ഞു തുടങ്ങിയതിനു ശേഷമാണെന്നാണ് എനിയ്ക്കു തോന്നുന്നത്.
ഇവിടെയാണ് മന:ശാസ്ത്രപരമായി നമ്മള്‍ മറന്നുപോകുന്ന എന്നാല്‍ നാം ഏറ്റവും നന്നായി ഓര്‍ത്തിരിയ്ക്കേണ്ട ഒരു കാര്യം മണ്ണടിഞ്ഞു പോകുന്നത്. മനുഷ്യന്‍ അവന്റെ ചിന്താശക്തി പ്രവര്‍ത്തിച്ചു തുടങ്ങുന്ന സമയത്ത് എന്താണോ കൂടുതല്‍ കേള്‍ക്കുകയും കാണുകയും അനുഭവിയ്ക്കുകയും ചെയ്യുന്നത് അതിനനുസരിച്ചായിരിയ്ക്കും അവന്റെ ഉപബോധമനസ്സിലേയ്ക്കു പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. ആ ഉപബോധമനസ്സിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന മനസ്സിലേയ്ക്ക് എത്തുന്ന സിഗ്നലുകളും അത്തരത്തിലുള്ളതായിരിയ്ക്കും. സംഗീത കുടുംബത്തില്‍ നിന്ന് ഒരു സംഗീതജ്ഞനെ വളര്‍ത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. അവരുടെ ഉപബോധമനസ്സില്‍ സംഗീതം ഒരു പ്രോഗ്രാമായി കിടക്കുന്നുണ്ടാവും. അതില്ലാത്ത കുടുംബത്തില്‍നിന്ന് ഒരാള്‍ സംഗീതജ്ഞനാവില്ല എന്നല്ല, അവന് വളരാനും വികസിയ്ക്കാനുമുള്ള സാധ്യതയ്ക്ക് ഒരുപാടു വ്യതാസമുണ്ടാവും. ഇവിടെയും നമ്മുടെ പ്രോഗ്രാമിംഗ് നടക്കുന്നത് അങ്ങനെതന്നെയാണ്. ഇന്ന് ബാല്യം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് അക്രമവും അതുപോലെ മറ്റുസംഭവങ്ങളുമാണ്. അതിനെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന പരിപാടികള്‍ക്കാണ് നമ്മള്‍ പ്രാധാന്യം കൊടുത്തു കാണുന്നത്.
അക്രമ സംഭവങ്ങളും മറ്റും നിരന്തരം കേള്‍ക്കുന്ന ബാല്യം ലോകത്ത് അത്തരം സംഭവങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ എന്നു വിശ്വസിച്ചാല്‍ അതിന് ആരെ കുറ്റം പറയണം? കുട്ടികള്‍ക്കു നാം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളാകട്ടെ കളിത്തോക്കും അതുപോലുള്ളവയും. അവര്‍ കളിയ്ക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ നിറയെ അടിയും വെടിയും അക്രമവും. അതില്‍ സ്വയം തെരഞ്ഞെടുക്കുന്ന കഥാപാത്രമാവട്ടെ അക്രമിയും. വെടിവച്ചും ബോംബു പൊട്ടിച്ചും അവര്‍ കമ്പ്യൂട്ടറില്‍ ഗയിംകളിയ്ക്കുന്നു. അവര്‍കാണുന്ന സിനിമകളില്‍ കൊള്ളയും കൊലയും ബലാത്സംഗവും. അവര്‍ കാണുന്ന സീരിയലുകള്‍ മുഴുവന്‍ കുടുംബാന്ധരീക്ഷം കലക്കുന്നവ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ വീടിനും നാടിനും ഉതകുന്നതാവണമെന്നു വാശിപിടിയ്ക്കാമോ. മോശം പ്രോഗ്രാമിംഗ് നടന്ന മനസ്സുമായി അവര്‍ വളര്‍ന്നു വരും. മോശം പ്രവൃത്തികള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കും. അതു സ്വാഭാവികം മാത്രമാണ്. അക്രമികള്‍ക്കും അവര്‍ കാട്ടിയ അക്രമങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ സൃഷ്ടിച്ചു വിതറി മാധ്യമങ്ങള്‍ അവര്‍ക്ക് വീരപരിവേഷം നല്‍കുമ്പോള്‍ അതേ പ്രാധാന്യം നേടിയെടുക്കാന്‍ അവന്റെ പാകതയില്ലാത്ത മനസ്സ് തീരുമാനിച്ചാല്‍ എങ്ങനെ കുറ്റം പറയും? മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പഠിപ്പിയ്ക്കുന്ന സിനിമകളും സീരിയലുകലും കാണുന്ന തലമുറ ഇന്ന് ഹാന്‍സും പാന്‍പരാഗും പോലെയുള്ള ലഹരിവസ്തുക്കള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നു. മദ്യം കഴിയ്കാത്ത യുവാക്കള്‍ക്കു വംശനാശം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു.
വെറുതേ എന്തെങ്കിലും എഴുതിവിടുന്നതാണെന്ന് തോന്നുന്നുവെങ്കില്‍ എനിയ്ക്ക് ഒരപേക്ഷയേ ഉള്ളൂ. മനുഷ്യമനസ്സില്‍ വിഷം കുത്തിവയ്ക്കപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ക്കു അമിതപ്രാധാന്യം കൊടുക്കാതെ ചെറിയ വാര്‍ത്തകളില്‍ ഒതുക്കിയിരുന്ന പഴയകാലത്ത്, ചാനലുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് നേരത്തേ പറഞ്ഞപോലുള്ള അക്രമ സംഭവങ്ങളോ ഭീകരതയോ യുവാക്കള്‍ വഴിതെറ്റുന്ന ഇപ്പോഴത്തേതിനു സമാനമായ സംഭവങ്ങളോ ഉണ്ടായിരുന്നോയെന്നു പരിശോധിയ്ക്കുക. മലയാളി യുവാക്കളുടെ സ്വപ്നത്തില്‍പ്പോലും ഇക്കാര്യങ്ങള്‍ കണ്ടിട്ടില്ലെന്നു കാണാം. ഇന്നു സഹജീവികളെ കശാപ്പുചെയ്യാനുള്ള മനോബലം അവര്‍ക്കു കിട്ടിയിട്ടുണ്ടെങ്കില്‍ അത് മറ്റെവിടുന്നാണ്?
ചില്ലറ കള്ളത്തരങ്ങള്‍ അന്നും നടന്നിട്ടുണ്ട്, അതെന്നും നടക്കുകയും ചെയ്യും. കുറ്റകൃത്യങ്ങളില്ലാത്ത സമൂഹത്തെ സ്വപ്നം കാണുന്നതു വിഡ്ഢിത്തരമാണെന്നറിയാം. ചില്ലറ കള്ളത്തരങ്ങള്‍ കാണിയ്ക്കുന്ന ചിന്നക്കള്ളന്മാരില്‍ നിന്ന് അഭ്യസ്തവിദ്യരായ അന്താരാഷ്ട്ര ഭീകരന്മാരായി നമുടെ പുതിയ തലമുറ മാറിയിട്ടുണ്ടെങ്കില്‍ അതിന് മാധ്യമങ്ങളുടെ പങ്കു വളരെ വലുതുതന്നെയാണ്. അടുത്ത തലമുറയെങ്കിലും നന്നാവണമെങ്കില്‍ ഇന്നത്തെ അവസ്ഥയെ അപഗ്രഥിച്ചാല്‍ ഇതേ മാധ്യമങ്ങള്‍ തന്നെ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാത്രമേ സാധ്യമാവൂ എന്നു കാണാം. വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിമാത്രം വാര്‍ത്താപ്രക്ഷേപണം നടത്തണം. സമൂഹത്തില്‍ നടക്കുന്ന നന്മയെ ലക്ഷ്യം വച്ചുള്ള സംഭവങ്ങള്‍ ഹൈലൈറ്റു ചെയ്യണം. അതുപോലെയുള്ള പരിപാടികള്‍ക്കുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പെരുപ്പിച്ചുകാട്ടലുകള്‍ പൂര്‍ണ്ണമായി നിര്‍ത്തണം. അവ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാക്കണം. സര്‍വ്വോപരി ചാനലുകള്‍ സമൂഹത്തിനു വേണ്ടിയാനെന്നുള്ള ബോധം അതിന്റെ അണിയറ ശില്‍പ്പികള്‍ക്കു വേണം. സമൂഹത്തിന്റെ സമുദ്ധരണം ഒരു ബാധ്യതയായി ഇനിയെങ്കിലും ഏറ്റെടുക്കണം.
രക്ഷാകര്‍ത്താക്കള്‍ തന്നെ കുട്ടികളുടെ വഴിതെറ്റലിനു കാരണമാകുന്നതെങ്ങനെയാണ്?
കാര്യങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പുരോഗതി പ്രാപിയ്ക്കണമെങ്കില്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടത് ഓരോ കുടുംബാംഗങ്ങളുമാണ്. കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളും കമ്പ്യൂട്ടര്‍ ഗെയിമുകളും മുതല്‍ നാം തുടങ്ങണം. ഇവിടം മുതല്‍ ക്രമാനുഗതമായി ശ്രദ്ധ പാലിച്ചാല്‍ കുട്ടികളില്‍ ക്രിമിനല്‍ മനസ്ഥിതി ഉടലെടുക്കുന്നതു മുളയിലേ നുള്ളാന്‍ ഒരു പരിധിവരെയെങ്കിലും കഴിയുമെന്നാണ് എന്റെ അഭിപ്രായം. കതിരില്‍ വളം വയ്ക്കലല്ല ഉത്തമമെന്ന് പഴംചൊല്ലിലെങ്കിലും ഓര്‍ത്താല്‍ നന്ന്.
പണ്ട് സ്കൂളിലേയ്ക്കു പോകുന്ന കുട്ടികളില്‍ പൊതിച്ചോറ് ശീലമായിരുന്നു. ഇന്ന് അതുമാറി ഫാസ്റ്റ്ഫുഡിലേയ്ക്കു കുട്ടികളെ മാറ്റിയിരിയ്ക്കുന്നു. കുട്ടികളെ ഈ വിധം മാറാന്‍ പ്രധാന കാരണക്കാരായതോ അവരുടെ രക്ഷിതാക്കളും. രാവിലേ ചോറുണ്ടാക്കി കൊടുത്തുവിടാന്‍ അവര്‍ക്ക് തീരെ സമയം കിട്ടുന്നില്ല. മിയ്ക്കവാറും കുട്ടികള്‍ക്ക് രാവിലത്തെ ചായയും ഹോട്ടലില്‍ തന്നെ. കുട്ടികള്‍ക്കു ഭക്ഷണാവശ്യത്തിനു പണം കൊടുത്തു വിടുമ്പോള്‍ അവര്‍ അത് എന്താവശ്യത്തിന് ഉപയോഗിയ്ക്കുന്നുവെന്ന് എത്ര രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിയ്ക്കുന്നുണ്ടാവും. ഒരു ചായയും കടിയിലുമോ അതുപോലെ ചിലതിലോ മാത്രമൊതുക്കി ബാക്കി പണം ഹാന്‍സിനും പാന്‍പരാഗിനും സിഗററ്റിനും വേണ്ടി ചെലവഴിയ്ക്കുന്നത് ഞന്‍ നേരില്‍ കണ്ടിട്ടുണ്ട്, ഇപ്പോഴും കാണുന്നുമുണ്ട്. രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയാണ് മിയ്ക്കപ്പോഴും. ചിലര്‍ ഹോസ്റ്റലില്‍ നിന്നു പഠിയ്ക്കുന്നവരായിരിയ്ക്കും. മിയ്ക്കവരുടെയും പിതാക്കള്‍ വിദേശത്തായിരിയ്ക്കും. ഈ രണ്ടുകൂട്ടര്‍ക്കും നല്‍കുന്ന പണം എന്തിനു വേണ്ടിയാണു ചെലവഴിയ്ക്കപ്പെടുന്നതെന്ന് അന്വേഷിയ്ക്കുന്ന മാതാപിതാക്കള്‍ എത്രയുണ്ടായിരിയ്ക്കും? ചിലരെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ തന്റെ കുട്ടികള്‍ മോശമാവാതിരിയ്ക്കാന്‍ മോശമല്ലാത്ത വിധത്തില്‍ പണമോ മറ്റ് അത്യാവശ്യമല്ലാത്ത സൌകര്യങ്ങളോ നല്‍കുന്നവരായിരിയ്ക്കും. കുട്ടികള്‍ വഴിപിഴയ്ക്കാനുള്ള സാധ്യത ഇവിടെ വളരെക്കൂടുതലാണല്ലോ.
സന്ദര്‍ഭോചിതമായി ഞാന്‍ സാക്ഷിയായ രണ്ടു ചെറിയ അനുഭവങ്ങള്‍ പറയാന്‍ ആഗ്രഹിയ്ക്കുകയാണ്.
സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നു സിഗരറ്റു വലിച്ച എട്ടാം ക്ലാസ്സുകാരനോട് രക്ഷാകര്‍ത്താവിനെക്കൂട്ടി വന്നിട്ടു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നു സ്കൂള്‍മാഷ് . പിറ്റേന്ന് കുട്ടിയുടെ കൂടെ വന്ന രക്ഷകര്‍ത്താവിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റെന്തോ വലിയ കാര്യമാണത്രേ അയാള്‍ പ്രതീക്ഷിച്ചത്! ഒരു സിഗററ്റു വലിച്ചത് ഇത്ര കാര്യമാക്കാനുണ്ടോ എന്നാണയാള്‍ ചോദിച്ചത്!
ക്ലാസ്സില്‍ ക്യാമറയുള്ള മൊബൈല്‍ കൊണ്ടുവന്ന് പെണ്‍കുട്ടികളുടെ മാറിന്റെ ചിത്രമെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ പിടിച്ചു വച്ച് പിറ്റേന്ന് പിതാവിനെക്കൂട്ടി വരാന്‍ പറഞ്ഞ അദ്ധ്യാപികയുടെ വീട്ടില്‍ അന്നു രാത്രിതന്നെ ആളെക്കൂട്ടിച്ചെന്നു കയ്യാങ്കളി നടത്തിയ രക്ഷാകര്‍ത്താവാണു മറ്റൊന്ന്. ഇവിടെ കുട്ടി പറഞ്ഞ എന്തോ കള്ളമായിരിയ്ക്കും ആ പിതാവു വിശ്വസിച്ചിട്ടുണ്ടാവുക. സത്യം എന്താണെന്നു മനസ്സിലാക്കാന്‍ അയാള്‍ ശ്രമിച്ചില്ല. പക്ഷേ ഈ രണ്ടു സംഭവങ്ങളും ആ കുട്ടികളുടെ ഭാവിജീവിതത്തില്‍ കോട്ടമുണ്ടാക്കുമെന്നുറപ്പ്. എല്ലാ രക്ഷകര്‍ത്താക്കളും ഇങ്ങനെയാണെന്നല്ല പറയുന്നത്. നമുക്കും ഒരു ശ്രദ്ധ നല്ലതാണ്. അങ്ങനെ ശ്രദ്ധിച്ചാല്‍ പലതും നമുക്കു കണ്ടെത്താനും കഴിയും. നമ്മുടെ ജീവിതം നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ഉള്ളതുകൂടിയാണല്ലോ.
തെറ്റും ശരിയും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തില്‍ വീട്ടില്‍ തുടങ്ങുന്ന ഇത്തരം പ്രോത്സാഹനങ്ങളും അതിനു ശേഷം നമ്മുടെ മാധ്യമ വിശേഷണങ്ങളും കൂടിയാകുമ്പോള്‍ നമ്മുടെ പുതിയ തലമുറയുടെ കാര്യം ഗുണകരമാകുന്ന അവസ്ഥയിലെത്തുന്നതെങ്ങനെ? സമൂഹത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ജീര്‍ണ്ണതകള്‍ക്ക് ഇവയല്ലാതെ മറ്റെന്താണു പ്രധാന കാരണം? എന്തും കച്ചവടച്ചരക്കാക്കുന്ന മാധ്യമ ഭീകരതയ്ക്ക് അറുതിവരാതെ ഈ നാടു നന്നാവാന്‍ പോണില്ല. പത്രത്താളുകളിലും ടീവീ ചാനലുകളിലും നന്മയുടെ സന്ദേശമുണര്‍ത്തുന്ന പരിപാടികളും വാര്‍ത്തകളും നിറയാതെ ഇവിടെ സുഗന്ധത്തിനു വിദൂര സാധ്യതപോലുമില്ല. മാധ്യമങ്ങള്‍ അറിവു പകരാനുള്ളതാണ്. അതു പകര്‍ന്നുകൊടുക്കുക എന്നതാണു മാധ്യമ ധര്‍മ്മവും. ആനന്ദം അനുബന്ധം മാത്രമാണ്.