Wednesday

കൊട്ടോട്ടി തൊടുപുഴയ്ക്ക്

വരുന്ന ആഗസ്റ്റ് എട്ടിന് തൊടുപുഴ ജ്യോതിസ് ടവറില്‍ ബൂലോക മീറ്റ് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവരം കൊട്ടോട്ടിക്കാരനെ അറിയിയ്ക്കുകയും പ്രത്യേക അതിഥിയായി ക്ഷണിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു എന്ന വിവരം അറിയിയ്ക്കുന്നു. പ്രസ്തുത മീറ്റില്‍ കൊട്ടോട്ടി പങ്കെടുക്കാതിരുന്നാല്‍ മറ്റു ബ്ലോഗര്‍മാര്‍ മീറ്റിനെത്തില്ലെന്നും അതു സംഘാടക ബ്ലോഗര്‍മാര്‍ക്ക് വിഷമമുണ്ടാകുമെന്നും സംഘാടകസമിതി പ്രത്യേകം അറിയിച്ച സാഹചര്യത്തില്‍ നിലവിലുള്ള തിരക്കുകള്‍ക്ക് ചെറിയ അവധികൊടുത്ത് തൊടുപുഴമീറ്റില്‍ രണ്ടുമിനിട്ട് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂലോക പുലിബ്ലോഗറുമായിച്ചേര്‍ന്ന് രണ്ടുമിനിട്ടെങ്കിലും ചെലവിടാന്‍ ബൂലോകര്‍ക്ക് അവസരം ലഭിയ്ക്കുമെന്നതില്‍ ബൂലോകര്‍ക്കു സന്തോഷിയ്ക്കാം. ബാനറുകളും കട്ടൌട്ടുകളും കണ്ടു സായൂജ്യമടയാം.

ഏതാണ്ടു പത്തിനും പന്ത്രണ്ടിനുമിടയില്‍ ഓഡിറ്റോറിയത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. അതിനാല്‍ അതിരാവിലെയുള്ള ധൃതിപിടിച്ച സ്വീകരണ പരിപാടികളില്‍ നിന്നും ഹരീഷിനും പാവപ്പെട്ടവനും അല്‍പ്പം ആശ്വാസം ലഭിയ്ക്കും. സ്വീകരണത്തിനുള്ള മാലയും ബൊക്കെയുമൊക്കെ രാവിലെ വാങ്ങിയാല്‍ മതിയാവും. വാടിക്കരിഞ്ഞ് അഴുകി ഒരുതരം നാലാം‌കിട ബ്ലോഗിന്റെ മണമുള്ള സ്വീകരണോപഹാരങ്ങള്‍ എനിയ്ക്കിഷ്ടമല്ല. പത്തുമണികഴിഞ്ഞ് ഏതുസമയവും എത്താന്‍ സാധ്യതയുള്ളതിനാല്‍ ആ സമയം മുതല്‍ താലപ്പൊലിയും മറ്റു കാഴ്ചവട്ടങ്ങളും ഒരുക്കാവുന്നതാണ്. അഴീക്കോട് ഗവ: യു പി സ്കൂള്‍ മോഡലില്‍ കുട്ടികളുടെ നീണ്ടനിരതന്നെ സ്വീകരണ പരിപാടിയ്ക്കായി ഒരുക്കേണ്ടതാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെമാത്രമേ ഈ വകുപ്പില്‍ ഉള്‍പ്പെടുത്താവൂ എന്ന് പ്രത്യേകം നിര്‍ദ്ദേശിയ്ക്കുന്നു. സ്വീകരണം ആരംഭിയ്ക്കുന്ന സ്ഥലം മുതല്‍ ഈ കാഴ്ചകള്‍ ഒരുക്കേണ്ടതാണ്. ബോളിവുഡ് നായികമാരെ സ്വീകരണത്തിനൊരുക്കാമെന്ന വാഗ്ദാനം ഞാന്‍ സ്നേഹപൂര്‍വ്വം നിരസിയ്ക്കുന്നു. ഇതിനുള്ള ചെലവ് മറ്റുബ്ലോഗര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തതിനാലാണിത്.

കൊട്ടോട്ടിയ്ക്ക് വെയിലും ചൂടുമൊക്കെ അലര്‍ജിയായതിനാല്‍ ശീതീകരണ സംവിധാനമുള്ള വാഹനം ഒരുക്കി നിര്‍ത്തേണ്ടതാണ്. കൊക്കകോള, പെപ്സി, സെവനപ്പ് മുതലായവയെ കൂടാതെ ജെഡിബിയുടെ രണ്ടു ബോട്ടിലും വാഹനത്തില്‍ സൂക്ഷിയ്ക്കേണ്ടതാണ്. ഇതിനാവശ്യമായ സ്പ്രിന്റോ സ്പ്രൈറ്റോ നിര്‍ബ്ബന്ധമായും കൂടെ വച്ചിരിയ്ക്കണം.
കൊട്ടോട്ടിയെ ഭയന്ന് നാട്ടുകാരന്‍ നാടുവിട്ടതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും മീറ്റിന്റെ സമയത്ത് ഈറ്റുകാണുമ്പോഴെങ്ങാനും അദ്ദേഹം ചാടി വീണാല്‍ വിവരമറിയുമെന്ന് ഈ അവസരത്തില്‍ നാട്ടുകാരനെ അറിയിയ്ക്കുന്നു.

കൊട്ടോട്ടിയുടെ യാത്രാ സൌകര്യത്തെയും ഈറ്റാനുള്ള മെനുവിന്റെയും വിശദ വിവരങ്ങള്‍ താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാ‍ണ്. എന്റെ സന്ദര്‍ശനം പ്രമാണിച്ച് തൊടുപുഴ ടൌണില്‍ ഒരുക്കാനുദ്ദേശിയ്ക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് വിശദമായിത്തന്നെ എന്നെ അറിയിയ്ക്കേണ്ടതാണ്. അന്നേ ദിവസം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ഗതാഗത സംവിധാനമൊരുക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കരിമരുന്നു പ്രയോഗങ്ങള്‍ രണ്ടായിരം ഡെസിബല്ലില്‍ കൂടുതല്‍ ശബ്ദപ്രശ്നങ്ങളുണ്ടാകാത്തവിധം സെറ്റുചെയ്യാന്‍ മറക്കരുത്. സന്ദര്‍ശനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിയ്ക്കണം.

കൊട്ടോട്ടിയുടെ സന്ദര്‍ശനം ഉറപ്പായ സാഹചര്യത്തില്‍ പ്രശസ്ഥരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുരുകന്‍ കാട്ടാക്കട, മമ്മൂട്ടി തുടങ്ങിയവരും പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരുമായി അരമിനുട്ടെങ്കിലും കൂടിക്കാഴ്ച നടത്താന്‍ ശ്രമിയ്ക്കുന്നതാണ്. ഇത് മലയാളത്തിലെ മറ്റു ബ്ലോഗന്മാര്‍ക്ക് ഇതു സന്തോഷമുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മീറ്റിന് സുരക്ഷ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സമാധാനത്തോടെ സന്തോഷത്തോടെ ഈറ്റിപ്പിരിയാം. ബ്ലോഗര്‍മാര്‍ക്ക് കൊട്ടോട്ടിയുമായി രണ്ടുമിനിട്ട് ചെലവഴിയ്ക്കാന്‍ സൌഭാഗ്യമുണ്ടാവുന്നതുപോലെ എല്ലാവര്‍ക്കുമൊപ്പം വളരെക്കുറച്ചു സമയമെങ്കിലും ചെലവഴിയ്ക്കാന്‍ സാധിയ്കുന്നതില്‍ എനിയ്ക്കും അളവറ്റ സന്തോഷമുണ്ട്.

  10 comments:

  1. ചുരുക്കി പറഞ്ഞാൽ മീറ്റു കഴിഞ്ഞു പിറ്റെ ദിവസത്തെ പത്രത്തിൽ ദേ ദിങ്ങനെ ഒരു വാർത്ത പ്രതീക്ഷിക്കാം..

    “ ക്ഷമ നശിച്ചു, രോഷാകുലരായ ബ്ലോഗർമാരുടെ ആക്രമണത്തിൽ പ്രശസ്ത ബ്ലോഗൻ കൊട്ടോട്ടിക്കാരൻ കൊല്ലപ്പെട്ടൂ”

    ReplyDelete
  2. പുലിക്ക് പഠിക്കാല്ലേ...!!!

    ReplyDelete
  3. ജെഡിബി (അതെന്താണ്‌ സാധനം എന്നറിയില്ല) കിട്ടാൻ ബുദ്ധിമുട്ടാണ്‌, ജെസിബി മതിയോ, ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ അങ്ങ്‌ സഹിച്ചേക്കണേ.....

    പത്തിനും പന്ത്രണ്ടിനുമിടയിലോ.... ഹൊ, ഈ കൊട്ടോട്ടിക്കാരന്റെ ഒരു കാര്യം. എളിമയെന്നാൽ എന്തെന്ന് നാം ബൂലോകർ കൊട്ടോട്ടിക്കാരനിൽ നിന്ന് പഠിക്കണം. സാധാരണ വല്യവല്യ പുള്ളികളും കാരന്മാരുമൊക്കെ പത്തിനും പത്ത്‌ അഞ്ചിനുമിടയിൽ വരുമെന്നറിയിച്ചതിനുശേഷം പന്ത്രണ്ടിനാ എത്താറ്‌. ഇതിപ്പൊ കുറച്ചുകൂടി വിശാലമായി ചിന്തിക്കുവാനുള്ള കഴിവുണ്ടെന്ന് കൊട്ടോട്ടിക്കാരൻ തെളിയിച്ചിരിക്കുന്നു.

    കൊട്ടോട്ട്സ്‌ കട്ടൗട്ട്സ്‌ പൊങ്ങട്ടെ, തൊടുപുഴയിൽ അങ്ങോളമിങ്ങോളം. വേണമെങ്കിൽ കോട്ടയം മുതൽക്കങ്ങ്‌ തുടങ്ങിക്കളയാം.

    താലപ്പൊലി സ്വീകരണം ഏറ്റുവാങ്ങാൻ എത്തുമെന്ന് അറിയിച്ചതിനാൽ ഒരു കാര്യം കൂടി പറയാൻ അടിയനെ അനുവദിക്കണം....
    ങ്ങള്‌ വെറും പുലിയല്ലപ്പാ, താലപ്പുലി.

    കാര്യം താടിയില്ലാകൊട്ടോട്ടിയാണെങ്കിലും പേടിയുണ്ടേ.....

    ReplyDelete
  4. കൊട്ടോട്ടിയുണ്ടെങ്ങിൽ “കൊട്ടുവടിയുമാകാം”...

    ReplyDelete
  5. കൊട്ടോടി വന്നു 'കൊണ്ട്' ഓടി പോയി എന്ന് പറയിപ്പിക്കാതിരുന്നാല്‍ മതിയാരുന്നു.

    ReplyDelete
  6. “കരിമരുന്നു പ്രയോഗങ്ങള്‍ രണ്ടായിരം ഡെസിബല്ലില്‍ കൂടുതല്‍ ശബ്ദപ്രശ്നങ്ങളുണ്ടാകാത്തവിധം സെറ്റുചെയ്യാന്‍ മറക്കരുത്. സന്ദര്‍ശനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിയ്ക്കണം.“

    ആ ചുമതല ഹരീഷ് ഈയുള്ളവനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഡെസിബല്‍ കണക്കൊന്നുമറിയില്ലെങ്കിലും ഞങ്ങളുടെ നാട്ടിന്‍പുറത്ത് “എലിവാണം” എന്നൊരു സാധനം കിട്ടും. അതൊരെണ്ണം കൊട്ടോട്ടിക്കായി കരുതിയിട്ടുണ്ട്. കുറഞ്ഞുപോയെങ്കില്‍ ക്ഷമിക്കണം, കൂടുതല്‍ സംഘടിപ്പിക്കാം.

    എന്തായാലും അതു ലൈവ് ആക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നതാണ്. അങ്ങനെ മീറ്റ് തന്നെ ലൈവ് ആകുമല്ലോ :)

    ReplyDelete
  7. കട്ടൌട്ടില്‍ സാക്ഷാല്‍ പുലിയുടെ ചിത്രം തന്നെ ചേര്‍ക്കാന്‍ മറക്കല്ലേ ! മീശയില്ലാ പുപുലീടെ ആ
    പുതിയ പടം..!!

    ReplyDelete
  8. ഞങ്ങള്‍ ജിദ്ദക്കാരെ കേള്‍പ്പിക്കാനാണൊ അത്രയും കുറഞ്ഞ ഡെസിബെലില്‍ പടക്കം പൊട്ടിച്ചാല്‍ മതിയെന്ന് പറഞ്ഞത്.

    ജെഡിബി എന്താന്ന് എനിക്കുമറിയില്ല. ഒഎബി അല്ലല്ലൊ?

    ReplyDelete
  9. അപ്പോള്‍ തീരുമാനിച്ചു...

    ReplyDelete

Popular Posts

Recent Posts

Blog Archive