ഓരോ കോലമേ...
ഉപ്പേരിയുണ്ടാക്കാനെടുത്തതാ ഒരു ഉരുളക്കിഴങ്ങ്... അപ്പഴാ ഈ രൂപം ശ്രദ്ധയിൽപ്പെട്ടത്. ലോക്കൽ മൊബൈലൊരെണ്ണം കൈയിലുണ്ടായിരുന്നതുകൊണ്ട് ഇങ്ങനെ പകർത്തി വച്ചു.
Author: Sabu Kottotty | September 15, 2012 | 2 Comments |
Author: Sabu Kottotty | September 13, 2012 | 6 Comments |
അടിസ്ഥാന സൗകര്യങ്ങളും വിശപ്പടങ്ങാനുള്ള ഭക്ഷണവും സ്വപ്നം കാണുന്ന രാജ്യത്തെ ബഹുകോടികളെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലെത്തിച്ചുകൊണ്ടാവണം എമർജിംഗ് കേരള അടക്കമുള്ളവ പൂർത്തീകരിക്കേണ്ടത്. അല്ലാതെ വാഗ്ദാനങ്ങൾ ബാക്കിയാക്കി അവരെ നിഷ്കരുണം ആട്ടിയോടിച്ചിട്ടല്ല, മാതൃരാജ്യത്തെ വിൽക്കാൻ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നവർ അറിയാൻ ശ്രമിക്കാത്തതും ഇതൊക്കെത്തന്നെയാണ്. ആരുടെയും അടിമയാകാതെയും ആരെയും ആട്ടിയോടിക്കാതെയും നമുക്കും എല്ലാമേഖലകളിലും പുരോഗമിക്കാമെന്നതും ഈ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുമാറ്റാൻ കഴിയുമെന്നതും അതു സാധ്യമാക്കാനുള്ള കഴിവും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ളവർ നമ്മുടെ രാജ്യത്തുതന്നെ ഉണ്ടെന്നതും മന:പൂർവ്വമാണ് അധികാരികൾ സ്വപ്നത്തിൽ പോലും കാണാത്തത്. സംസ്കാരസമ്പന്നരും വിവേകശാലികളും വിദ്യാസമ്പന്നരുമായ ഒരു വിഭാഗം വളർന്ന് ഈ സമൂഹം ഭൂരിപക്ഷമായി വികസിച്ചാൽ ഇവരുടെ കപടവിലാസങ്ങൾക്ക് അന്ത്യമാവുമെന്നത് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ആജ്ഞാനുവർത്തികളും അനുയായികളുമായി നിലനിർത്താൻ നിരക്ഷരകുക്ഷികളും വംശീയ വാദികളുമാക്കി അവരുടെ ഉന്നമനം തടഞ്ഞുകൊണ്ടേയിരിക്കുന്നു. ഫലമോ, വംശീയ കലാപങ്ങളും ഭീകരപ്രവർത്തനങ്ങളും കൊണ്ട് നമ്മുടെ നമ്മുടെ രാജ്യം സമ്പന്നമാകുന്നു. മറ്റുള്ളവർ വലിച്ചെറിയുന്ന വിഴുപ്പുകൾ
വിലകൊടുത്തു വാങ്ങാനും രാജ്യത്തെ ജനങ്ങളെ ഗിനിപ്പന്നികളാക്കി പരീക്ഷണത്തിനു
വിട്ടുകൊടുക്കാനും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടേയും
മറ്റ് ന്യൂനപക്ഷ പിന്നാക്കക്കാരുടേയും ഉറക്കം കെടുത്താനും സർവ്വോപരി
ഇന്ത്യാ മഹാരാജ്യം സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ അടിയറവുവെക്കാനും
പണയപ്പെടുത്താനും വിൽക്കാനും ഇടതടവില്ലാതെ അവർ ശ്രദ്ധിക്കുന്നുണ്ട്,
അതുമാത്രമാണ് അവർ ശ്രദ്ധിക്കുന്നതും.അത്തരക്കാരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു.Author: Sabu Kottotty | August 22, 2012 | 9 Comments |
പൊതു നിരത്തുകൾ സഞ്ചരിക്കാനുള്ളതാണെന്നും അതു യോഗം കൂടാനുള്ളതല്ലെന്നും കാണിച്ച് പാതയോര യോഗ നിരോധനത്തിന് ഹൈക്കോടതി വിധിച്ചപ്പോൾ അതിനെ മറികടക്കാൻ നിയമം കൊണ്ടുവന്ന സർക്കാരാണു നമ്മുടേത്. അവരുടെ നിർഭാഗ്യവശാൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുന്നു. ഇതുപക്ഷേ ഒരു സ്ഥായിയായ ഒരു വിധിയാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ സാഹചര്യങ്ങളൊരുക്കി അനുകൂല വിധി അവർ നേടിയെടുത്തുകൊള്ളും. കാരണം നേതാക്കൾക്കു ഭരിക്കാനും സമ്പാദിക്കാനുമുള്ളതാണു രാഷ്ട്രീയം, അതിന് അനുയായികളോട് പ്രതിബദ്ധത വേണമെന്നില്ല.
ഇടയ്ക്കിടയ്ക്കുള്ള ബന്ദാണ് മറ്റൊരു ശാപം. പേരു മാറ്റി വിളിച്ചിട്ടു കാര്യമില്ല, എങ്ങനെ വിളിച്ചാലും ബന്ദ് ബന്ദുതന്നെ. ആരന്റമ്മക്കു പ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണെന്ന ഭാവമാണിക്കൂട്ടർക്ക്. അന്യന്റെ മുതൽ നശിപ്പിക്കാൻ നടത്തുന്ന ഈ ഉത്സാഹം തന്നെയാണ് നമ്മുടെ ശാപവും. ഒരാൾ മരണപ്പെട്ടതിന്റെ ആദരസൂചകമായി നടത്തപ്പെടുന്ന ഹർത്താലിൽക്കൂടി അക്രമ പരമ്പര നടത്താൻ അനുകൂലികൾ പ്രത്യേകം ശ്രദ്ധിക്കുമ്പോൾ അവരുടെ യഥാർത്ഥ ഉദ്ദേശം ജനങ്ങൾക്കു മനസ്സിലാകാറുണ്ട്. ഭയപ്പെടുത്തി നേടുന്ന വിജയമാഘോഷിക്കാൻൊരുളുപ്പുമില്ല ഇക്കൂട്ടർക്ക്. സുപ്രീംകോടതി പറഞ്ഞപോലെ ഇത്തരത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമ്മേളനങ്ങളും സമരങ്ങളും അനുസ്മരണങ്ങളും അനുഭാവങ്ങളും കാട്ടുന്ന ഏക രാജ്യം ഇന്ത്യയായിരിക്കും. സ്വന്തം ബുദ്ധിമുട്ടിനെ പ്രതിരോധിക്കുവാൻ മറ്റുള്ളവരുടെ സഹായം തേടി പരിഹാരം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കുന്നത് ഒരു സാധാരണ പ്രവണതയായി മാറിക്കഴിഞ്ഞു. ലോകത്ത് ഏറെ പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും സംസ്കാരമുള്ളവരെന്നും നടിക്കുന്ന നമ്മുടെ സമൂഹത്തിലാണ് ഇതു കൂടുതലെന്നുള്ളത് നാണക്കേടല്ലാതെ മറ്റെന്താണ്? പരിഹാരത്തെക്കാൾ പ്രതികാരമാണു പ്രധാനമെന്നു കരുതുന്ന നാണമെന്തെന്നു നോക്കിയാൽ കുനിഞ്ഞു നോക്കുകയും മാനമെന്തെന്നു ചോദിച്ചാൽ മലർക്കു നോക്കുകയും ചെയ്യുന്ന മനസ്സു മുരടിച്ച സമൂഹത്തോടെന്തു പറയാൻ!
നീണ്ട മുപ്പത്തഞ്ചു കൊല്ലം വേണ്ടിവന്നു സ്വന്തം ഭൂമിക്കി വേണ്ടി വനം വകുപ്പിനെതിരേ ഫയൽ ചെയ്ത ഒരു കേസിൽ പാലക്കാടു ജില്ലയിലെ പാലങ്കര കണ്ണനെന്ന പാവം കർഷകനു നീതി ലഭിക്കാൻ. ഇക്കാലത്തിനകത്തു അനുഭവിച്ച വ്യഥകൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമാകുന്ന വിധത്തിലുള്ള ഒരു വിധിയാണു വന്നതെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ ഇത്രയും കാലം നിയമയുദ്ധം നീണ്ടു എന്നത് നിയമപരിപാലനത്തിന്റെയും നിർവ്വഹണത്തിന്റെയും പരാജയം തന്നെയാണ്. വിധി നടപ്പിലാക്കാതെ മേൽക്കോടതികളിലേക്ക് അപ്പീൽ പോകാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കിൽ ഈ ജീവിത കാലത്ത് ഒരു പരിഹാരം കണ്ണൻ പ്രതീക്ഷിക്കേണ്ടതുമില്ല. അബ്ദുന്നാസർ മദനിയുടെ കേസാണ് മറ്റൊരുദാഹരണം. നീണ്ട ഒമ്പതര വർഷം ജയിലിൽ ജാമ്യം പോലുമില്ലാതെ കിടക്കേണ്ടിവന്നു നിരപരാധിയെന്നു കോടതിക്കു തിരിച്ചറിയാൻ. അതുമായി ബന്ധപ്പെട്ട് സമാധാനകാംഷി ചമഞ്ഞ് തന്നെ ഇരുമ്പഴിക്കുള്ളിലാക്കിയവർക്കെതിരേ നിയമ നടപടി ആവശ്യപ്പെടാത്തതിന്റെ ഫലമായി അനന്തമായ ജയിൽവാസത്തിന്റെ രണ്ടാം പർവ്വം സമ്മാനമായി അദ്ദേഹത്തിനു ലഭിച്ചുവെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല.
ഇക്കാര്യത്തിൽ കേരളത്തിന്റെ ഭരണകർത്താക്കൾ ഷണ്ഡരായിരിക്കുന്നതിന്റെ കാരണമെന്താണെന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല. മദനി കോയമ്പത്തൂരിൽ നിന്നു പുറത്തുവന്ന് ബംഗളുരു ജയിലിൽ പോകുന്നതുവരെ കേരളാപോലീസിന്റെ സംരക്ഷണയിലായിരുന്നത് വിളിച്ചു പറയാൻ അവർക്കു മടിയാണ്. ഇടവും വലവും കാവൽ നിന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കുടകിലെത്തി ഗൂഢാലോചനയിൽ പങ്കെടുത്തുവെങ്കിൽ അതു കേരളാ പോലീസിന്റെ കഴിവുകേടെന്നല്ലാതെ എന്തു പറയാൻ. അങ്ങനെയൊരു കറാമത്തു കാണിക്കാനുള്ള കഴിവ് മദനിക്കുണ്ടെന്ന് തോന്നുന്നില്ല. ഒന്നുകിൽ കേരള സർക്കാർ തങ്ങളുടെ പോലീസിനു പിഴവുപറ്റിയെന്നു സമ്മതിക്കണം. അല്ലെങ്കിൽ മദനി കുടകിൽ പോയിട്ടില്ലെന്നു പറയണം, അദ്ദേഹത്തെ ബംഗളുരുവിൽ നിന്ന് രക്ഷിക്കാൻ വേണ്ടതു ചെയ്യണം. ഒന്നും മിണ്ടാതെ ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു നല്ലതല്ല, അത് ഇടതായാലും വലതായാലും. നീതി വ്യവഹാരത്തിലകപ്പെട്ട് നട്ടം തിരിയുന്നവർ ഇവർ രണ്ടുപേർ മാത്രമാണെന്നു കരുതരുത്. ഒരുപക്ഷേ നീതി നിർവ്വഹകണത്തിന്റെ നിസ്സഹായ ഇരകളായവർ ഏറ്റവും കൂടുതലുള്ള രാജ്യമായിരിക്കും നമ്മുടേത്.
ലോകത്ത് ഒരു പക്ഷേ ഇത്രയ്ക്ക് വൃത്തികെട്ട ഗതാഗത സാഹചര്യം ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലേ കാണാനുണ്ടാവൂ. ഗതാഗത നിയമങ്ങൾ കേവലം ലേണിംഗ് ടെസ്റ്റിനു മാത്രമായി മാറുന്നതു തന്നെയാണ് ഒരു ശാപം. മറ്റൊന്ന് അവ ഫലപ്രദമായി നടപ്പിലാക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കോ നിയമപാലകർക്കോ താല്പര്യമില്ലാത്തതാണ്. ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കാൻ ആരെയും നിർബ്ബന്ധിക്കുന്നില്ല. വിട്ടു വീഴ്ചയില്ലാത്ത നടപടികളും കർശനമായ ശിക്ഷാവിധികളും കുറ്റക്കാരായ ഡ്രൈവർമാർക്കും നിയമം ശ്രദ്ധിക്കാത്ത പൊതുജനങ്ങൾക്കും ഒരുപോലെ ലഭ്യമായാൽത്തന്നെ നന്നാക്കാവുന്നതേ ഉള്ളൂ ഈ മേഖല. അതു മാത്രമാണ് ഇവിടെ നടപ്പിലാകാത്തതും.
തങ്ങളുടെ അധികാര പരിധിയിൽ പ്രതിമാസം ഉണ്ടായിരിക്കേണ്ട കേസുകളുടെ എണ്ണം കണക്കാക്കി ഓരോ സ്റ്റേഷനും വീതിച്ചു നൽകുന്ന സർക്കാരും അതിനനുസരിച്ച കേസുകൾ ചമയ്ക്കുന്ന പോലീസും ഒരു പക്ഷേ ഇവിടെയേ കാണൂ. നിശ്ചിത കേസുകൾ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ സൃഷ്ടിക്കേണ്ടത് പോലീസിന്റെ പ്രാഥമിക ലക്ഷ്യമായി പതിച്ചു നൽകിയിരിക്കുന്നു. സ്റ്റേഷന്റെയും അതിലെ നിയമപാലകരുടേയും നിലനിൽപ്പിന് ഇങ്ങനെ ക്രിമിനലുകളുടെ ഉല്പാദനം അനിവാര്യമാകുന്നു. ഫലത്തിൽ പോലീസിനെ ക്രിമിനലുകളാകാൻ തലതിരിഞ്ഞ നമ്മുടെ ഭരണ സംവിധാനം നിരന്തരം നിർബ്ബന്ധിച്ചുകൊണ്ടിരിക്കുന്നു എന്നു പറയാം. ഇത്തരത്തിലാണെങ്കിൽ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും പോലീസ്റ്റേഷൻ നടപ്പിലാക്കുമെന്നു നമ്മുടെ ഭരണാധികാരികൾ വാഗ്ദാനം ചെയ്യുമ്പോൾ എല്ലാ പഞ്ചായത്തിലും ക്രിമിനലുകളുടെ സമൂഹത്തെ സൃഷ്ടിക്കാനും അവരെ സംരക്ഷിക്കാനുമുള്ള സംവിധാനമാണു നമുക്കു സമ്മാനിക്കുന്നതെന്നു കൂടി നാം മനസ്സിലാക്കണം. പൊതു ജനത്തോട് സഭ്യമായി സംസാരിക്കാനും നന്നായി പെരുമാറാനും അറിയാത്ത വിഭാഗമായി ഇവരിൽ ചിലരെങ്കിലും മാറുന്നത് ഇതിന്റെ അധിക സമ്പാദ്യമായി ഇപ്പോൾത്തന്നെയുണ്ട്. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമുള്ളതാണ് പോലീസെന്ന വികലമായ ധാരണയാണ് ഇതിനു കാരണമായി എനിക്കു തോന്നുന്നത്. പോലീസിന് മറ്റെന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും! അതൊന്നും ചിന്തിക്കാതെ സമൂഹത്തെ ക്രിമിനൽവൽകരിക്കാൻ ക്വാട്ട വീതിച്ചു നൽകുകയാണ്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിൽ ഉള്ള പോലീസ് സ്റ്റേഷനുകൾ ഇല്ലാതാവാനല്ലേ നാം യത്നിക്കേണ്ടത്?Author: Sabu Kottotty | August 17, 2012 | 4 Comments |
Author: Sabu Kottotty | August 15, 2012 | 24 Comments |
Author: Sabu Kottotty | July 21, 2012 | 40 Comments |