വാർത്തയുടെ പിന്നാമ്പുറവും വരുംവരായ്കയും ആരും ചികയില്ലെന്ന തോന്നലുകൊണ്ടാവണം ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളും മര്യാദയില്ലാത്ത കോലത്തിൽ അടിച്ചു വിടുന്നത്. ചിലതു സത്യവും ചിലത് അർദ്ധസത്യവും ചിലത് സ്വയം നിർമ്മിയ്ക്കുന്നതും മറ്റുചിലതാവട്ടെ ആരെങ്കിലും പടച്ചുവിടുന്നതിനെ അപ്പടി മഷിപുരട്ടുന്നതുമാണ്. തങ്ങളുടെ മാധ്യമത്തിന് ആളെക്കൂട്ടാനെന്നവണ്ണം വാർത്തകൾ പ്രസിദ്ധീകരിയ്ക്കുന്നത് ഇന്ന് ഒരു ഹോബിയായി നമ്മുടെ മാധ്യമങ്ങൾ പ്രവർത്തിച്ച് ആവർത്തിച്ചുകൊണ്ടേയിരിയ്ക്കുന്നു. അതിനു വേണ്ടി ലൈവു ചർച്ചകൾ സംഘടിപ്പിയ്ക്കുന്നു. പക്ഷേ ഇതെല്ലാം ചിലർക്കെങ്കിലും വിഷമമുണ്ടാക്കുന്നുണ്ടെന്നതും തങ്ങളെപ്പോലെ ചോരയും ചിന്തയുമുള്ള മറ്റൊരാളെക്കുറിച്ചാണ് ഇതൊക്കെ സംഘടിപ്പിയ്ക്കുന്നതെന്നതും സൗകര്യപൂർവ്വം മറക്കുന്നു. ആരാന്റെ പല്ലിടയിൽ കുത്തി മണപ്പിയ്ക്കുന്നത് അല്ലെങ്കിലും നമുക്ക് രസമാണല്ലോ...
കളവുകേസിൽ ശിക്ഷിയ്ക്കപ്പെട്ട ഒരാൾ അതിന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തുവന്ന് മാനസാന്തരപ്പെട്ട് നന്നായി ജീവിയ്ക്കുമ്പോഴാകും നാട്ടിൽ മറ്റൊരു കളവു നടക്കുക. നിശ്ചയമായും നിയമപാലകർ ആദ്യം അന്വേഷിച്ചെത്തുന്നത് ആ മനുഷ്യനെയായിരിയ്ക്കും. തെറ്റു ചെയ്തോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം, ടിയാനെ ഒരു പരുവമാക്കാതെ അവർക്ക് ഇരിയ്ക്കപ്പൊറുതിയുണ്ടാവില്ല. ഒരുതവണ കട്ടവൻ അവൻ പിന്നെ തെറ്റു ചെയ്തില്ലെങ്കിലും എന്നും കള്ളനായിത്തന്നെ അറിയപ്പെടണമെന്നത് ആർക്കൊക്കെയോ നിർബ്ബന്ധമുള്ളതുപോലെ. ഒരു തവണയെങ്കിലും സ്വന്തം വീട്ടിൽ നിന്നെങ്കിലും കക്കാത്തവൻ ഭൂലോകത്തുണ്ടെന്നു തോന്നുന്നില്ല. ആ നിലയ്ക്ക് പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കൽപ്പിച്ചാൽ ആരും ഏറുകാരായുണ്ടാവുമെന്നും തോന്നുന്നില്ല. ഇപ്പോഴാകട്ടെ പോലീസുകാരുടെ പണി നാട്ടുകാരും ഏറ്റെടുത്ത് ഭംഗിയായി ചെയ്യുന്നുണ്ട്. വടക്കുമാത്രം കണ്ടിരുന്ന ഈ സംസ്കാരശൂന്യ പ്രവൃത്തികൾ ദൈവത്തിന്റെ സ്വന്തം നാട്ടിലും നന്നായി നടപ്പിലാക്കുന്നതിൽ ഇക്കൂട്ടർ വിജയിയ്ക്കുന്നുണ്ട്.
അവസാനമായി ഒരു പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലെ മത്സരാർത്ഥിയെയാണ് മലയാളത്തിലേതന്നെ ഒരു പ്രമുഖ പത്രം ശിക്ഷിച്ചിരിയ്ക്കുന്നത്, അല്ലെങ്കിൽ അതിനു മുന്നിട്ടിറങ്ങിയത്. ശിക്ഷ അനുഭവിയ്ക്കേണ്ടി വന്നയാൾ നല്ലവനാണെന്ന അഭിപ്രായമൊന്നും എനിയ്ക്കില്ല. മാത്രമല്ല നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണുതാനും. അയാൾ ആരോ ആയിക്കോട്ടെ അയാളും ഈ സമൂഹത്തിൽ ജീവിയ്ക്കുന്നയാളായതിനാൽ ആവശ്യമായ നീതി അയാളുടെ കാര്യത്തിലും നടപ്പാവേണ്ടതുണ്ട്. കവർച്ചക്കേസിലെ പ്രതിയായതുകൊണ്ട് റിയാലിറ്റിഷോയിൽ പങ്കെടുത്തുകൂടെന്ന് എവിടെയാണ് എഴുതിവച്ചിട്ടുള്ളത്? ആരാണ് ആ നിയമം പാസാക്കിയത്? കൊലപാതകക്കേസുകളിലോ ബലാത്സംഗകേസുകളിലോ തീവ്രവാദമുൾപ്പടെ മറ്റുകേസുകളിലോ പ്രതി ചേർക്കപ്പെട്ടവരുടെ വർത്തമാനങ്ങൾ ലൈവായിത്തന്നെ കൊടുക്കാറുണ്ടല്ലോ. അവസാനമായി കേന്ദ്രമന്ത്രിയുടെ കരണത്തടിച്ചവന്റെ നേരെയും നമ്മുടെ മാധ്യമങ്ങൾ ക്യാമറ തിരിച്ചു പറഞ്ഞതെല്ലാം അപ്പടി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പത്രക്കാരും മോശമാക്കിയില്ല, പലവാർത്തകളും വായിച്ചപ്പോൾ ഒരു വീരപരിവേഷം അയാൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ടോയെന്നു തോന്നിപ്പോവുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും അതേ പരിവേഷത്തോടെതന്നെ അതാഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്നു. ജയിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാൾ ജയിലിലിരുന്ന് ഏതെങ്കിലും ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചാൽ അത് വലിയ വാർത്തയായി പ്രസിദ്ധീകരിയ്ക്കാൻ മടിയില്ല. ഏതെങ്കിലും പരീക്ഷയെഴുതി പാസ്സായാലോ അതും വലിയ വാർത്തയാക്കുന്നു, അവരെക്കുറിച്ച് പുകഴ്മപാടുന്നു.
അത് കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷ അനുഭവിയ്ക്കുന്നവരുടെ കാര്യം, ഇവിടെ കുറ്റാരോപിതനായ വ്യക്തി ഒരു റിയാലിറ്റിഷോയിൽ പങ്കെടുത്തപ്പോൾ അത് മഹാപരാധമായി ചിത്രീകരിയ്ക്കുന്നു. കുറ്റം തെളിയിയ്ക്കപ്പെട്ടവർ എന്തെങ്കിലും ചെയ്യുമ്പോൾ അത് മഹാകാര്യവും. എന്തിനാണ് ഈ വേർതിരിവെന്നാണ് എനിയ്ക്കു മനസ്സിലാവാത്തത്. കുറ്റാരോപിതന്റെ റിയാലിറ്റിഷോയിലെ പങ്കാളിത്തം കൊടിയ അപരാധമായി വിളിച്ചുപറയുന്നവർ കുറ്റം തെളിയിയ്ക്കപ്പെട്ടവരുടെ മഹിമകൾ ഹൈലൈറ്റു ചെയ്യുന്നതെന്തിനാണ്? അതോ പങ്കാളിയായത് റിയാലിറ്റിഷോയിൽ ആയതുകൊണ്ടാണോ? അത്രയ്ക്കു മഹിമ പറയാൻ എന്താണു റിയാലിറ്റി ഷോയ്ക്കുള്ളത്. സത്യസന്ധമായി നടക്കുന്ന എത്ര റിയാലിറ്റിഷോകൾ നമ്മുടെ ചാനലുകളിലുണ്ട്? എല്ലാം എസ്. എം. എസ്സിന്റെ "ബലത്തിൽ" പൂർണ്ണമാകുമ്പോൾ അർഹരായ എത്രപേരുടെ അമർഷം ക്യാമറയ്ക്കു പിറകിൽ ശാപമായി പെയ്യുന്നുണ്ടാവും!
ഒരു റിയാലിറ്റിഷോയിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത് ഏറ്റവും കൂടുതൽ മാർക്ക് വൻ വ്യത്യാസത്തിൽ നേടി ഒന്നാം സ്ഥാനക്കാരനായുയർന്നുവന്ന ഹിഷാം എന്ന പാട്ടുകാരൻ ചാനലിന്റെ എസ്. എം. എസ്. കുരുക്കിൽപ്പെട്ട് പുറത്തായകാര്യം മലയാളികൾ മറന്നിട്ടുണ്ടാവില്ലല്ലോ. അതുമായി ബന്ധപ്പെട്ട് ജഡ്ജിംഗ് പാനലിലെ ഒരു പ്രശസ്ഥ തന്റെ എതിർപ്പു പ്രകടിപ്പിച്ച് തുറന്നടിച്ചപ്പോൾ പ്രസ്തുത പാനലിലും ചാനലിലും നിന്ന് അവരെയും പുറത്താക്കി പ്രതികാരം പൂർത്തിയാക്കിയതും നമ്മൾ മറക്കരുത്. സത്യസന്ധമായി നടക്കുന്ന ഷോകളുണ്ടാവാം. ബഹുഭൂരിപക്ഷവും മുൻകൂട്ടി വിധി നിർണ്ണയം നടക്കുന്നതു തന്നെയാണ്. ഹിഷാം അതിന് ഒരു ഉദാഹരണമാണ്.
സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണല്ലോ ഒരാളെ കുറ്റവാളിയായി തീരുമാനിക്കുന്നതിനും ശിക്ഷവിധിയ്ക്കുന്നതിനും കോടതി മാനദണ്ഡമാക്കുന്നത്. കുറ്റം തെളിയിയ്ക്കപ്പെടാതെ പുറത്തുവരുന്നപക്ഷം നാസറിനെയും നിരപരാധിയായി കാണേണ്ടിവരും. അയാൾക്കുനേരേ കല്ലെറിയുന്നവർക്ക് അപ്പോൾ എന്തു പറയാനുണ്ടാവും? കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷയനുഭവിയ്ക്കുന്ന പക്ഷം നാളെ അയാളും ഒരു പുസ്തകമെഴുതിയെന്നിരിയ്ക്കും. ഇപ്പോൾ കല്ലെറിയുന്നവർ അന്ന് വാനോളം പുകഴ്‌ത്തുമായിരിയ്ക്കും. അവസരത്തിനൊത്ത വാർത്തകൾ അവതരിപ്പിയ്ക്കുന്നതിലാണല്ലോ ഇന്ന് മാധ്യമങ്ങൾക്കു കൂടുതൽ താല്പര്യം. രണ്ടുമൂന്നു ദിവസത്തേയ്ക്കുള്ള ചാകരയൊക്കണം. അതിൽക്കവിഞ്ഞുള്ള ആത്മാർത്ഥതയൊന്നും ഇന്ന് വാർത്താവതരണ രംഗത്ത് മാധ്യമങ്ങൾക്കുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. വലിയ പ്രാധാന്യത്തോടെ പ്രഘോഷിച്ച വാർത്തകളിൽ ഭൂരിഭാഗത്തിനും അനന്തരം എന്തു സംഭവിച്ചു എന്നത് അറിയാൻ ഇന്ന് ഒരു മാർഗ്ഗവുമില്ല. വായനക്കാരോടും ചാനൽ പ്രേക്ഷകരോടും അവ അറിയിയ്ക്കേണ്ട ബാധ്യത വാർത്ത ആഘോഷിച്ചവർക്കില്ലല്ലോ! സൗമ്യ വധക്കേസു മാത്രമാണ് സമീപകാലത്തായി ഇതിനൊരപവാദമായി നിലകൊണ്ടത്.
ഏതെങ്കിലും ഒരു കേസിലെ പ്രതിയെ ഇരയായി കിട്ടുമ്പോൾ അവരും മനുഷ്യരാണെന്നതു മറന്ന് മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. കുറ്റവാളിയെന്ന ലേബൽ മറന്ന് സമൂഹത്തിൽ നന്നായി നല്ലവരായി ജീവിയ്ക്കാനുള്ള സാഹചര്യം തേടുന്ന ഒരു കൂട്ടരെയെങ്കിലും ഇത് ക്രൂരമായി ബാധിയ്ക്കുന്നുണ്ടാവും. സമൂഹത്തെ സമുദ്ധരിയ്ക്കാൻ നടക്കുന്നവർക്ക് ഈ ചിന്തയില്ലാതെ പോകുന്നത് കഷ്ടം തന്നെ. സമൂഹത്തിൽ ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലെന്നിരിയ്ക്കെ താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചതിനു ശേഷം സ്വയം തെറ്റുതിരുത്തി സമൂഹത്തിന്റെ ഭാഗമാവാൻ ഒരാൾ ആഗ്രഹിച്ചാൽ അയാൾക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയല്ലാതെ മറ്റെന്താണ് നമ്മൾ ചെയ്യേണ്ടത്? തെറ്റു ചെയ്യുന്നവർ ആരായാലും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ അതിനു മുമ്പുള്ള മാധ്യമ വിചാരണയും ശിക്ഷാ വിധിയും ഒഴിവാക്കുകതന്നെ വേണം. അതുകൊണ്ടുതന്നെ ആവശ്യത്തിൽക്കവിഞ്ഞ പ്രാധാന്യം ഇത്തരം വാർത്തകൾക്കു നൽകേണ്ടതില്ല.
വാർത്താമാധ്യമങ്ങളിൽക്കൂടി പുറത്തുവരുന്ന വാർത്തകളിൽ എത്രയെണ്ണം സംസ്കാര സമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുന്നതിന് ഉതകുന്നുണ്ടെന്ന് നാം ചിന്തിയ്ക്കേണ്ടതുണ്ട്. പത്രങ്ങളിലും ചാനലുകളിലും നിറയുന്ന വാർത്തകളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. പീഢനം, കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടിപോകൽ, അടിപിടി, കത്തിക്കുത്ത്, സമരങ്ങൾ, വാഹനങ്ങൾ കത്തിയ്ക്കൽ, ബന്ദ്, ഹർത്താൽ, പണിമുടക്ക് എന്നുവേണ്ട ഇത്തരത്തിലുള്ള വാർത്തകളായിരിയ്ക്കും നമുക്ക് കേൾക്കാൻ കഴിയുക. ചാനൽ മാധ്യമങ്ങൾ അവ ദൃശ്യവത്കരിക്കുകകൂടി ചെയ്യുന്നതോടെ സംഗതി ക്ലീനാകുന്നു. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന
പുതു തലമുറ ഇതൊക്കെ മാത്രമാണ് ഇവിടെ നടക്കുന്നതെന്നു വിശ്വസിച്ച് അതിനെ അനുകരിച്ച് സ്വയം കുറ്റവാളികളായി മാറുമ്പോൾ അതിന് നാം ആരെ കുറ്റം പറയണം ?
കാരുണ്യം, ദീനാനുകമ്പ, പരസഹായം, സഹവർത്തിത്വം തുടങ്ങിയവ സംബന്ധിച്ചുള്ള വാർത്തകൾ ഒരിഞ്ച് ഒറ്റക്കോളം വാർത്തയാക്കാതെ അത്യാവശ്യം വലുപ്പത്തിൽത്തന്നെ കൊടുക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാവണം. ലോകത്ത് നന്മയെന്ന മറുവശംകൂടിയുണ്ടെന്ന് പുതിയ തലമുറയെങ്കിലും മനസ്സിലാക്കട്ടെ. അതനുസരിച്ചു നടക്കാൻ അവർ സ്വയം തയ്യാറായിക്കൊള്ളൂം. കാരണം കാണുന്നതും കേൾക്കുന്നതും അനുകരിക്കാനാണ് എല്ലാരും ശ്രമിയ്ക്കുന്നത്. അതുകൊണ്ടുതന്നെ നല്ല വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നതു തന്നെയാണ് സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും നന്നാവുക. കുറ്റവാളുകളെ കൊടും കുറ്റവാളികളും സാധാരണക്കരനെ കുറ്റവാളികളാക്കാനുമല്ല മാധ്യമങ്ങൾ ശ്രമിയ്ക്കേണ്ടത്. നല്ലവാർത്തകൾക്ക് പ്രാധാന്യം കൊടുക്കുക, മറ്റുവാർത്തകൾ അറിയാൻ മാത്രമായി ക്രമേണ ഒതുങ്ങട്ടെ. അതിക്രമ വാർത്തകൾ മാത്രം വായിച്ച് അത്തരത്തിലുള്ള വാർത്തകൾ മാത്രം ഇഷ്ടപ്പെടുന്ന അതുമാത്രം ശ്രദ്ധിയ്ക്കുന്ന തരത്തിലുള്ള ബഹുഭൂരിപക്ഷത്തെ സൃഷ്ടിച്ചതു നമ്മുടെ മാധ്യമ സമൂഹം തന്നെയാണ്. അതുകൊണ്ടുതന്നെ സമൂഹത്തിനു നേർവഴി തെളിച്ചുകൊടുക്കേണ്ട ബാധ്യതയും അവർക്കുള്ളതാണ്.