മനുഷ്യജീവന്റെ വില വട്ടപ്പൂജ്യം !
കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി 24 മണിയ്ക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നു. മുതലാളിയ്ക്ക് ബഹുത്ത് സന്തോഷം. കാരണം ജോലിക്കാര്‍ വളരെക്കുറച്ചു മതി. ജോലിക്കാര്‍ക്കും സന്തോഷം തുടര്‍ന്ന് മൂന്നു ദിവസം വീട്ടിലിരിയ്ക്കാം. തുടര്‍ച്ചയായി എട്ടുമണിയ്ക്കൂര്‍, പരമാവധി പത്തുമണിയ്ക്കൂര്‍ മാത്രമേ ഡ്യൂട്ടി ചെയ്യാവൂ എന്നു നിര്‍ബ്ബന്ധമുള്ളപ്പോള്‍ ഇതെങ്ങനെ സാധിയ്ക്കുന്നു?
കണ്ടക്ടറുടെ കാര്യം പോട്ടെ, ഡ്രൈവറെക്കൊണ്ട് ഇതു ചെയ്യിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ അവര്‍ ഇതു ചെയ്യാന്‍ തയ്യാറാവുമ്പോള്‍ യാത്രകാരുടെ ജീവന്റെ കാര്യം കഷ്ടത്തിലല്ലേ? കെ എസ് ആര്‍ ടി സി ഉള്‍പ്പെട്ട അപകടങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിലെ പ്രധാന കാരണം ഇതാവില്ലേ? തുടര്‍ച്ചയായി 24 മണിയ്ക്കൂര്‍ തുടര്‍ച്ചയായി ഒരു ഡ്രൈവര്‍ക്ക് വാഹനമോടിയ്ക്കാന്‍ കേരളത്തിലെ സാഹചര്യത്തില്‍ സാധിയ്ക്കുമോ..?
ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വിവരങ്ങളാണു മുകളില്‍ ചേര്‍ത്തത്. തിരുവനന്തപുരത്തുനിന്ന് വഴിക്കടവിലേയ്ക്കും തിരിച്ചും ഒരേ ഡ്രൈവര്‍ തന്നെ ബസ്സോടിയ്ക്കുന്നതു ദൃശ്യങ്ങളാണ് പുറത്തു വന്നിരിയ്ക്കുന്നത്. അതുപോലെ തിരുവനന്തപുരം പാലക്കാട് റൂട്ടിലും. തിരുവനന്തപുരം വഴിക്കടവ് 450 കിലോമീറ്ററാണ്. അങ്ങനെ വരുമ്പോള്‍ തുടര്‍ച്ചയായി ഒരു ഡ്രൈവര്‍ ബസ്സോടിയ്ക്കുന്നത് 900 കിലോമീറ്റര്‍! വൈകിട്ട് 5:45ന് പുറപ്പെടുന്ന RAC20 സൂപ്പര്‍ ഫാസ്റ്റ് വഴിക്കടവിലെത്തുമ്പോള്‍ രാവിലെ 6:20. രണ്ടു മണിയ്ക്ക്കൂറിനു ശേഷം പുറപ്പെടുന്ന വണ്ടി തിരുവനന്തപുരത്തെത്തുംപ്പോള്‍ രാത്രി 8:00. ഡ്രൈവര്‍ ഒരാള്‍ തന്നെ!
ദോഷം പറയരുതല്ലോ വഴിക്കടവില്‍ രണ്ടു മണിയ്ക്കൂറോളവും പിന്നെയുള്ള യാത്രയില്‍ ഡിപ്പോകളില്‍ നിറുത്തിയിടുന്ന സമയവും വിശ്രമമുണ്ട്. തിരുവനന്തപുരത്തും പാലക്കാട്ടും വഴിക്കടവിലും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും ഒരേ ഡ്രൈവര്‍മാരുടെ ചിത്രങ്ങള്‍! ന്യൂസ് റീഡറുമായുള്ള സംസാരങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തപ്പിത്തടയുന്നതു കണ്ടു. പ്രതികരണ ശേഷിയില്ലാത്ത പൊതുജനത്തെ കഴുതകളെന്നു വിശേഷിപ്പിച്ചാല്‍ കഴുതകള്‍ക്കു നാണക്കേടാവുമെന്നാ തോന്നുന്നത്!